കൊച്ചി: ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. പിള്ളയ്ക്ക് ജയിലില്‍ എ ക്ലാസ് സൌകര്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ വൈദ്യസഹായവും സുരക്ഷയും ഉറപ്പ് വരുത്താന്‍ കോടതി ജയില്‍ സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കി.
പനമ്പിള്ളിനഗറിലുള്ള ഇടമലയാര്‍ കേസിന്റെ പ്രത്യേക കോടതിയില്‍ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ബാലകൃഷ്ണപിള്ള കീഴടങ്ങിയത്. മകന്‍ കെ.ബി ഗണേഷ് കുമാര്‍, മരുമകന്‍ ബാലകൃഷ്ണനും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും ബാലകൃഷ്ണ പിള്ളയ്ക്കൊപ്പം കോടതിയില്‍ ഉണ്ടായിരുന്നു. ശിക്ഷയ്ക്കൊപ്പമുള്ള 10,000 രൂപ പിഴ പിള്ള കോടതിയില്‍ ഒടുക്കി. പിള്ളയ്ക്കൊപ്പം കീഴടങ്ങിയ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് സംസ്ഥാന ഭാരവാഹിയും മൂന്നാം പ്രതിയുമായ പി. കെ. സജീവിനെയും പൂജപ്പുരയിലേയക്ക് അയച്ചിട്ടുണ്ട്. രാവിലെ പതിനൊന്ന് മണിയോടെ കോടതിയില്‍ എത്തിയ ബാലകൃഷ്ണ പിള്ള കീഴടങ്ങുന്നുവെന്ന് കാണിക്കുന്ന രേഖ സമര്‍പ്പിച്ചു. ഇതോടൊപ്പം തന്നെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയയ്ക്കണമെന്ന അപേക്ഷയും അദ്ദേഹം നല്‍കി.
76 വയസുള്ള ഒരാളാണ് താനെന്നും തനിക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും അതിനാല്‍ ജയിലില്‍ എ ക്ലാസ് സൌകര്യം നല്‍കണമെന്നും ബാലകൃഷ്ണ പിള്ള കോടതിയോട് അഭ്യര്‍ത്ഥിച്ചു. അപേക്ഷ പരിഗണിച്ച പ്രത്യേക കോടതി ബാലകൃഷ്ണപിള്ളയെ പൂജപ്പുരയിലേക്ക് തന്നെ അയയ്ക്കാന്‍ ഉത്തരവിട്ടു. ജയിലില്‍ വൈദ്യസഹായവും സുരക്ഷാ സൌകര്യവും ഉറപ്പ് വരുത്താന്‍ ജയില്‍ സൂപ്രണ്ടിന് കോടതി നിര്‍ദ്ദേശം നല്‍കി.
എന്നാല്‍ ജയിലില്‍ എ ക്ലാസ് സൌകര്യം അനുവദിക്കണമെന്ന പിള്ളയുടെ ആവശ്യം ജയില്‍ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി നിരാകരിച്ചു. ഉച്ചയോടെ കോടതി നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ ജയിലിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രാവിലെ മുതല്‍ തന്നെ കോടതി പരിസരം പാര്‍ട്ടി പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു.
Discussion about this post