കണ്ണൂര്‍: ജില്ലയില്‍ ഈയിടെയുണ്ടായിക്കൊണ്ടിരിക്കുന്ന അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍കക്ഷി സമാധാനയോഗം ഏകകണ്‌ഠേന തീരുമാനിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മുഴുവന്‍ അക്രമസംഭവങ്ങളെയും യോഗം അപലപിച്ചു.
വരുംദിനങ്ങളില്‍ സമാധാനം കാത്തുസൂക്ഷിക്കാന്‍ എല്ലാ വിഭാഗം ആളുകളും മുന്നിട്ടിറങ്ങണമെന്ന് യോഗം ആഹ്വാനം ചെയ്തു. അക്രമസംഭവങ്ങളിലെ യഥാര്‍ഥ പ്രതികളെ പിടികൂടി നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ പോലിസ് തയ്യാറാവണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിവിധ കക്ഷികളുടെ ജില്ലാനേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമാന യോഗങ്ങള്‍ കലക്ടറുടെ നേതൃത്വത്തില്‍ മൂന്നുമാസത്തിലൊരിക്കല്‍ വിളിച്ചുചേര്‍ക്കാനും തീരുമാനമായി. ഇതിനു പുറമെ പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഓരോ പോലിസ് സ്റ്റേഷന്‍തലത്തിലും പ്രാദേശികനേതാക്കളെ പങ്കെടുപ്പിച്ചുള്ള യോഗങ്ങള്‍ മാസത്തിലൊരിക്കല്‍ ചേരും. പ്രാദേശികമായുണ്ടാവുന്ന ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ വലിയ സംഘര്‍ഷങ്ങളിലേക്ക് നീങ്ങുന്നത് തടയുന്നതിനു വേണ്ടിയാണിത്.
വിമാനത്താവളം, തുറമുഖം, റോഡുകളുടെ വികസനം തുടങ്ങി വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇവയ്ക്കു പകരം തെറ്റായ കാരണങ്ങളുടെ പേരിലാണ് ജില്ല വാര്‍ത്തകളില്‍ ഇടംപിടിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഈയവസ്ഥ മാറ്റിയെടുക്കാന്‍ നാടിന്റെ വളര്‍ച്ച ആഗ്രഹിക്കുന്ന മുഴുവനാളുകളും തയ്യാറാവണമെന്നും വരുംദിനങ്ങളില്‍ അത് യാഥാര്‍ഥ്യമാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെടാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്‌ഫോടക വസ്തുക്കള്‍ നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിവരുന്നതായി എസ്.പി സഞ്ജയ്കുമാര്‍ ഗുരുഡിന്‍ പറഞ്ഞു.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം മുഹമ്മദ് യൂസുഫ്, വിവിധ കക്ഷി നേതാക്കളായ പി ജയരാജന്‍, കെ.കെ നാരായണന്‍, പി സത്യപ്രകാശ്, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, പി കുഞ്ഞിമുഹമ്മദ്, വി രാജേഷ് പ്രേം, എം കണ്ണന്‍, കെ.സി മുഹമ്മദ് ഫൈസല്‍, പി സത്യപ്രകാശ്, കെ സജീവന്‍, എം. ബിജു, കെ പ്രമോദ്, വെള്ളോറ രാജന്‍, ജോണ്‍സണ്‍ പി തോമസ്, ജി രാജേന്ദ്രന്‍, കെ ബാലകൃഷ്ണന്‍, കെ.കെ അബ്ദുല്‍ ജബ്ബാര്‍ സംബന്ധിച്ചു.
Discussion about this post