ആലുവ: കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തിലും സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തനത്തിനെതിരെ ആതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്ന് ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ (ഐ.ജെ.യു) ദേശീയ സെക്രട്ടറി എന്‍. സബാനായകന്‍ ആവശ്യപ്പെട്ടു. കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ 7ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണില്ലാത്തവന്റെ കണ്ണും നാവില്ലാത്തവന്റെ നാവുമാണ് മാദ്ധ്യമങ്ങളും മാദ്ധ്യമ പ്രവര്‍ത്തകരും. അപ്രിയ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാദ്ധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച് പിന്തിരിപ്പിക്കാമെന്ന ധാരണ മാഫിയ സംഘങ്ങള്‍ക്ക് മാത്രമല്ല, ഉദ്യോഗസ്ഥ മാടമ്പിമാര്‍ക്കും ബാധിച്ചിരിക്കുകയാണ്. ഇതാണ് അതിക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. പ്രാദേശിക മാദ്ധ്യമ പ്രവര്‍ത്തകരും ദേശീയ ലേഖകരും എന്നൊന്നില്ല. ജനകീയ സ്വഭാവമുള്ള വാര്‍ത്തകള്‍ ആര് നല്‍കിയാലും ജനങ്ങള്‍ ഏറ്റെടുക്കും. ഒറീസയില്‍ ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിന്റെ പേരില്‍ ഭാര്യയുടെ മൃതദേഹം തോളിലേറ്റി ഹൃദയവേദനയുള്ള വാര്‍ത്ത നല്‍കിയത് പ്രാദേശിക മാദ്ധ്യമ പ്രവര്‍ത്തകനാണ്. ഈ വാര്‍ത്ത രാജ്യം മുഴുവന്‍ ഏറ്റെടുത്തത് ദേശീയ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തതുകൊണ്ടല്ല. വാര്‍ത്തയുടെ ഉള്ളടക്കമാണ് ഓരോ വാര്‍ത്തയും ശ്രദ്ധേയമാക്കുന്നത്.
മാദ്ധ്യമ പ്രവര്‍ത്തക ആനുകൂല്യങ്ങള്‍ വിവേചനമില്ലാതെ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സബാനായകന്‍ ആവശ്യപ്പെട്ടു.
യു. വിക്രമന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്. ശര്‍മ്മ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ കെ,ജെ.യു അംഗങ്ങളായ ജനപ്രതിനിധികളെ ആദരിച്ചു. കെ.ജെ.യു സമ്മേളനപ്പതിപ്പിന്റെ പ്രകാശനം സി.കെ. ആശ എം.എല്‍.എ നിര്‍വ്വഹിച്ചു. അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം പി.ടി. തോമസ് എം.എല്‍.എ നിര്‍വഹിച്ചു. അനില്‍ ബിശ്വാസ്, ബാബു തോമസ്, ജോഷി അറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ സെക്രട്ടറി ജനറല്‍ ജി. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. കെ.സി. സ്മിജന്‍, സി.കെ. നാസര്‍, സി.വി. മിത്രന്‍, ശ്രീമൂലം മോഹന്‍ദാസ്, എം.എ. ഷാജി എന്നിവര്‍ സംസാരിച്ചു.
Discussion about this post