തിരുവനന്തപുരം: മൂന്നുദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. ഇന്നലെ വൈകിട്ട് മൂന്നുമണിക്ക് ടെക്‌നിക്കല്‍ ഏരിയയില്‍ എയര്‍ഫോഴ്‌സ് പ്രത്യേക വിമാനത്തിലെത്തിയ ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മേയര്‍ വി.കെ. പ്രശാന്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ. രാജു, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, പൊതുഭരണസെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ജില്ലാ കളക്ടര്‍ എസ്. വെങ്കിടേസപതി, സിറ്റി പോലീസ് കമ്മീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍, ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഡോ. കെ. അമ്പാടി, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാന തപസ്വി, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാല്‍ തുടങ്ങിയവര്‍ ഉപരാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ കൊല്ലത്തേക്ക് തിരിച്ച ഉപരാഷ്ട്രപതി, അവിടെ ശ്രീനാരായണ കോളേജ് കാമ്പസില്‍ ഡോ. എം. ശ്രീനിവാസന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം വൈകിട്ട് 5.30 ഓടെ തിരുവനന്തപുരത്ത് മടങ്ങിയെത്തി രാത്രി രാജ്ഭവനില്‍ തങ്ങും.
ആഗസ്റ്റ് 30ന് രാവിലെ 11ന് ശാന്തിഗിരി ആശ്രമത്തില്‍ നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ നവതി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിലും വൈകിട്ട് നാലിന് കനകക്കുന്ന് കൊട്ടാരത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സമ്പൂര്‍ണ ഇസാക്ഷരതാ യജ്ഞത്തിന്റെ രണ്ടാംഘട്ടമായ ഡിജിറ്റല്‍ ലൈബ്രറികളുടെ ഉദ്ഘാടന ചടങ്ങിലും സംബന്ധിക്കും. വൈകിട്ട് രാജ്ഭവനില്‍ തങ്ങിയശേഷം ആഗസ്റ്റ് 31ന് രാവിലെ 10.40ന് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലേക്ക് തിരിക്കും.
Discussion about this post