തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ സഹകരണബാങ്കുകളിലൂടെ വീടുകളില്‍ നേരിട്ടെത്തിക്കുന്ന പദ്ധതിക്ക് രാഷ്ട്രീയലക്ഷ്യം നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി എ.സി. മൊയ്തീന്‍.
പെന്‍ഷനുകള്‍ നേരിട്ടെത്തിക്കുന്ന പദ്ധതി സഹകരണ വകുപ്പ് വിജയകരമായി നടപ്പാക്കിവരികയാണ്. സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 14 ജില്ലാ സഹകരണ ബാങ്കുകളും 1558 പ്രാഥമിക സഹകരണ സംഘങ്ങളും വഴിയാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതും അഴിമതിമുക്തവുമായ സംഘങ്ങളെയാണ് പ്രാഥമികതലത്തില്‍ വിതരണത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ എല്ലാ രാഷ്ട്രീയകക്ഷികളില്‍പ്പെട്ട ഭരണസമിതികളുള്ള സംഘങ്ങളുമുണ്ട്. മുമ്പ് നടപ്പാക്കിക്കൊണ്ടിരുന്ന വിതരണരീതിയില്‍ ചില പാകപ്പിഴകളും കാലതാമസവുമുള്ളതായി പെന്‍ഷന്‍കാരില്‍നിന്ന് പരാതിയുയര്‍ന്നിരുന്നു.
സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ നേരിട്ടെത്തിച്ചുനല്‍കുന്നതിന് താല്‍പര്യം അറിയിച്ചവര്‍ക്കുമാത്രമാണ് ഇപ്രകാരം തുക എത്തിക്കുന്നത്. മറ്റുള്ളവര്‍ക്ക് ആവശ്യപ്പെട്ടപ്രകാരം ബാങ്ക് അക്കൗണ്ട് വഴിയാണ് വിതരണം. ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഓണത്തിന് മുമ്പ് പെന്‍ഷന്‍ തുക വിതരണത്തിനും കുടിശ്ശിക വിതരണത്തിനുമുള്ള സര്‍ക്കാരിന്റെ അടിയന്തിരനടപടികള്‍ക്ക് എല്ലാവരുടേയും പിന്തുണയും സഹകരണവും വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post