പാലക്കാട്: സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് തെളിക്കരുതെന്ന മന്ത്രി ജി. സുധാകരന്റെ നിലപാടിനെ തള്ളി സിപിഎം എംഎല്‍എ പി.കെ ശശി. ഏത് തമ്പുരാന്‍ പറഞ്ഞാലും താന്‍ നിലവിളക്ക് കൊളുത്തുമെന്നും മനസില്‍ ഇരുട്ട് നിറഞ്ഞ ആളുകളാണ് വെളിച്ചത്തെ ഭയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെര്‍പ്പുളശേരി ശബരി സെന്‍ട്രല്‍ സ്‌കൂളിലെ ഔഷധത്തോട്ടത്തിന്റെ ഉദ്ഘാടനം നിലവിളക്ക് കൊളുത്തി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഷൊര്‍ണൂരിലെ എംഎല്‍എയാണ് പി.കെ ശശി. ജി. സുധാകരന്റെ നിലപാടിനെതിരേ പൊതുജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടയ്ക്കാണ് സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എ തന്നെ പരസ്യമായി അഭിപ്രായത്തോട് വിയോജിച്ച് രംഗത്തെത്തിയത്. നിലവിളക്ക് വിവാദത്തില്‍ പാര്‍ട്ടിക്കുളളിലെ വിയോജിപ്പാണ് ശശിയുടെ അഭിപ്രായപ്രകടനത്തിലൂടെ വ്യക്തമായത്.
എന്നാല്‍ ചില നേതാക്കള്‍ സുധാകരന്റെ അഭിപ്രായത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും ആരും തന്നെ പരസ്യമായി രംഗത്ത് വരാന്‍ തയ്യാറായിരുന്നില്ല. അതിനിടെ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി സുധാകരന്‍ ഇന്ന് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പി.കെ ശശി തന്റെ നിലപാട് വ്യക്തമാക്കിയത്.
വിളക്ക് തെളിക്കുന്നത് പോലും വിവാദങ്ങളായി മാറുന്ന സന്ദര്‍ഭത്തിലാണ് താന്‍ ഈ വിളക്ക് കൊളുത്തിയതെന്ന് പറഞ്ഞുകൊണ്ടായിരുന്നു പി.കെ ശശി ചടങ്ങില്‍ സംസാരിച്ചു തുടങ്ങിയത്. ആര് പറഞ്ഞാലും ഏത് തമ്പുരാന്‍ കല്‍പിച്ചാലും താന്‍ നിലവിളക്ക് കൊളുത്തും. എന്തിനാണ് വെളിച്ചത്തെ ഭയപ്പെടുന്നതെന്ന് ചോദിച്ച അദ്ദേഹം മനസില്‍ ഇരുട്ടു നിറഞ്ഞ ആളുകളാണ് വെളിച്ചത്തെ ഭയപ്പെടുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
Discussion about this post