ന്യൂഡല്‍ഹി: ഇന്ത്യ പരിഷ്‌ക്കരിച്ച ഉപഭോക്തൃ വില സൂചിക പ്രഖ്യാപിച്ചു. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും യഥാര്‍ഥ പണപ്പെരുപ്പം വെവ്വേറെയായും ഒരുമിച്ചും പ്രതിഫലിപ്പിക്കുന്ന സൂചികയാണ് പുറത്ത് വിട്ടത്. 2010 ജനവരി മുതലുള്ള വില അടിസ്ഥാനപ്പെടുത്തിയുള്ള സൂചിക തുടങ്ങുന്നത് നൂറിലാണ്. ജനവരി മാസത്തില്‍ സൂചിക രേഖപ്പെടുത്തിയത് 106 ആണ്. അതായത് പണപ്പെരുപ്പം ആറ് ശതമാനം.
ഗ്രാമീണ മേഖലയിലെ വിലസൂചിക ഏഴ് ശതമാനം വര്‍ധിച്ചപ്പോള്‍ ഗ്രാമീണ മേഖലയിലേത് നാല് ശതമാനം ഉയര്‍ന്നു. ജനവരി മുതല്‍ ഡിസംബര്‍ വരെയുള്ള ഉപഭോക്തൃവിലയാണ് പുതിയ സൂചിക ആധാരമാക്കുന്നത്.
ഭക്ഷ്യ പാനീയം, ഇന്ധനം, ഭവനം, വസ്ത്രം-പാദരക്ഷ, പലവക എന്നീങ്ങനെ അഞ്ച് ഗ്രൂപ്പുകളായിട്ടാണ് സൂചിക തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ ഭക്ഷ്യ-പാനിയ സൂചിക 108 രേഖപ്പെടുത്തി(എട്ട് ശതമാനം വര്‍ധന). ഭവന സൂചിക 100ഉം ഇന്ധന സൂചിക 106ഉം രേഖപ്പെടുത്തി. വസ്ത്രം-പാദരക്ഷ സൂചിക 107 ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.
വിലയിലുള്ള യഥാര്‍ഥ വ്യതിയാനം മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ് പുതിയ സൂചിക. വിവിധ സേവനങ്ങള്‍ക്കായി നല്‍കേണ്ടി വരുന്ന തുകയും പുതിയ വിലസൂചികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പഴയ സൂചിക ഉപയോഗിക്കുന്നത് ഒരു വര്‍ഷത്തേക്കെങ്കിലും തുടരുമെന്നാണ് കരുതുന്നത്. പതിയ സുചിക അടിസ്ഥാനപ്പെടുത്തി പണപ്പെരുപ്പം കണക്കാക്കുന്നതിന് ഒരു വര്‍ഷമെങ്കിലും ആവശ്യമാണെന്നും സര്‍ക്കാര്‍ പറഞ്ഞു. നിലവിലെ സൂചികയില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിലവിവരം ഉള്‍പ്പെടുത്തയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ലഭ്യമായ കണക്ക് മാത്രമാണ് സൂചികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
വ്യാവസായിക ഉത്പാദനം വ്യക്തമായി മനസ്സിലാക്കുന്നതിന് വ്യാവസായിക ഉത്പാദന സൂചികയും നവീകരിക്കാന്‍ പദ്ധതിയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
Discussion about this post