പത്തനംതിട്ട: ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള പ്രധാന ഇടത്താവളങ്ങളില്‍ ദേവസ്വം ബോര്‍ഡ് കൂടുതല്‍ സൗകര്യമൊരുക്കും. ജില്ലാ കളക്ടര്‍ ആര്‍. ഗിരിജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്ന ശബരിമല അവലോകന യോഗത്തിലാണ് തീരുമാനം. പോലീസ് എയ്ഡ് പോസ്റ്റ്, തീര്‍ഥാടകര്‍ക്ക് അറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനം എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഒരുക്കുക. ഇതിലൂടെ സന്നിധാനത്തെ അമിത തിരക്ക് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പോലീസിനാകും.
ശബരിമലയില്‍ 35 സ്ഥലത്ത് സിസിടിവി കാമറകള്‍ സ്ഥാപിക്കും. ശരംകുത്തി, നിലയ്ക്കല്‍ ഹില്‍ടോപ്പ് എന്നിവിടങ്ങളില്‍ അടിയന്തര സാഹചര്യത്തിനായി ഹെലിപ്പാഡ് നിര്‍മിക്കുന്നതിന് ദേവസ്വം ബോര്‍ഡിന് കത്തു നല്‍കിയതായി ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ സുരക്ഷാ ഉപകരണങ്ങളുടെ ഓഡിറ്റ് പോലീസ് പൂര്‍ത്തിയാക്കി. കേടായ ഉപകരണങ്ങള്‍ ദേവസ്വം ബോര്‍ഡ് നന്നാക്കി ഒക്ടോബര്‍ 30ന് മുമ്പ് പോലീസിന് കൈമാറണം. ശബരിമല പാതയുടെ വിവിധ സ്ഥലങ്ങളിലുള്ള കുളിക്കടവുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഐഎല്‍ഡിഎമ്മിന്റെ നേതൃത്വത്തില്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ഉടന്‍ സുരക്ഷാ യാത്ര നടത്തും. രോഗബാധിതരായ തീര്‍ഥാടകര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ ആള്‍ ടെറയിന്‍ ആംബുലന്‍സിന്റെ സേവനം പ്രയോജനപ്പെടുത്തും. ചരല്‍മേട്, കരിമല എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യം ആവശ്യമാണെന്ന് ഡെപ്യൂട്ടി ഡിഎംഒ ഡോ.എല്‍.അനിതകുമാരി അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സേഫ് ശബരിമല ടീം ഉണ്ടാകും. എല്ലാ സൗകര്യങ്ങളോടെയുള്ള എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും പ്രവര്‍ത്തിക്കും.
ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ചെയ്യേണ്ട വിവിധ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ശുചിമുറികള്‍ വൃത്തിയാക്കുന്നതിനു ദേവസ്വം നടപടി സ്വീകരിക്കണം. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതായി പൊതുമരാമത്ത് നിരത്തുവിഭാഗം അറിയിച്ചു. ജല അഥോറിറ്റിയുടെ നേതൃത്വത്തില്‍ ജലവിതരണ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തും. തീര്‍ഥാടകര്‍ക്കാവശ്യമായ കുടിവെള്ളം ജല അഥോറിറ്റി ലഭ്യമാക്കും. ഓണക്കാലത്ത് നിലയ്ക്കലില്‍ പാര്‍ക്കിംഗിനുള്ള സൗകര്യമൊരുക്കണമെന്ന് ജില്ലാ പോലീസ് മേധാവി ദേവസ്വം ബോര്‍ഡിനോടാവശ്യപ്പെട്ടു.
എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വനം വകുപ്പുമായി സഹകരിച്ച് റെയ്ഡ് നടത്തും. സന്നിധാനത്തെയും പരിസരങ്ങളിലെയും നായശല്യം ഒഴിവാക്കാന്‍ മൃഗസംരക്ഷണ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ബിഎസ്എന്‍എല്ലിന്റെ നേതൃത്വത്തില്‍ താല്‍ക്കാലിക ബൂസ്റ്ററുകളും മൊബൈല്‍ ടവറുകളും സ്ഥാപിക്കും. തീര്‍ഥാടകരെ കച്ചവടക്കാര്‍ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാന്‍ ഇത്തവണയും ടോള്‍ ഫ്രീ നമ്പര്‍ സേവനം ഉണ്ടാകും. ടാക്‌സി കാറുകള്‍, വാനുകള്‍ എന്നിവയ്ക്ക് വാടക നിശ്ചയിക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിനെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി.
അന്യസംസ്ഥാന തീര്‍ഥാടകര്‍ സന്നിധാനത്ത് മരണമടഞ്ഞാല്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പെരുനാട് പഞ്ചായത്ത് പമ്പയില്‍ സൗകര്യമൊരുക്കും. എഡിഎം സി.സജീവ്, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ ജി.ബാബു, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post