തിരുവനന്തപുരം: മനുഷ്യാവകാശലംഘനങ്ങള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിരമിക്കുന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിക്ക് യാത്രയയപ്പ് നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമത്തില്‍ പ്രതിപാദിച്ചിരിക്കുന്നതുപോലെ മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കുന്നത് പരിഗണിക്കും. മറ്റുസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ കേരളത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കുറവാണ്. അവബോധം നല്ല രീതിയില്‍ വര്‍ധിച്ചത് പരാതികളുടെ എണ്ണം ഉയരാന്‍ സംസ്ഥാനത്ത് കാരണമായിട്ടുണ്ട്. മനുഷ്യാവകാശ ലംഘനങ്ങളുടെ ഒരു പ്രധാന കാരണം അഴിമതിയാണ്. അത് പരിഹരിക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ആരും പട്ടിണി കിടക്കാന്‍ പാടില്ലെന്ന രീതിയില്‍ മനുഷ്യാവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഭക്ഷ്യസുരക്ഷാ നയം ഉള്‍പ്പെടെ സര്‍ക്കാര്‍ നടപ്പാക്കുന്നത്. മനുഷ്യാവകാശസംരക്ഷണ രംഗത്തിനാകെ ജസ്റ്റിസ് ജെ.ബി. കോശിയുടെ വിരമിക്കല്‍ നഷ്ടമാണ്. എന്നാല്‍, എല്ലാ സാമൂഹ്യമേഖലകളിലേക്കും വ്യാപിക്കുന്ന രീതിയില്‍ അദ്ദേഹത്തിന്റെ സേവനം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ജസ്റ്റിസ് ജെ. ബി. കോശിക്കുള്ള ഉപഹാരവും മുഖ്യമന്ത്രി സമര്‍പ്പിച്ചു. വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ മുഖ്യപ്രഭാഷണം നടത്തുകയും ജസ്റ്റിസ് കോശിയെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. മനുഷ്യാവകാശ കമ്മീഷന്‍ പ്രത്യേക ബുള്ളറ്റിന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു.
ചടങ്ങില്‍ മനുഷ്യാവകാശ കമ്മീഷനംഗം കെ. മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, പോലീസ് സര്‍വകലാശാല നോഡല്‍ ഓഫീസര്‍ ഡോ. അലക്‌സാണ്ടര്‍ ജേക്കബ്, ഫ്രാറ്റ് പ്രസിഡന്റ് അഡ്വ. മരുതന്‍കുഴി സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജസ്റ്റിസ് ജെ.ബി. കോശി നന്ദിപ്രസംഗം നടത്തി. മനുഷ്യാവകാശ കമ്മീഷനംഗം പി. മോഹനദാസ് സ്വാഗതവും സെക്രട്ടറി എസ്. കുമാരി സുധ നന്ദിയും പറഞ്ഞു
Discussion about this post