ന്യൂദല്‍ഹി: ഇടമലയാര്‍ കേസില്‍ തന്നെ ശിക്ഷിച്ചതിനെതിരെ കേരള കോണ്‍ഗ്രസ് (ബി) നേതാവും, മുന്‍ വൈദ്യുതി മന്ത്രിയുമായ ആര്‍.ബാലകൃഷ്‌ണപിള്ള സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കി. പിള്ളയെ ഒരു വര്‍ഷം കഠിന തടവിനും, 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ച അതേ ബഞ്ചില്‍ തന്നെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
നിയമപരമായി പല തെറ്റുകളും ഉള്ള വിധിയാണ് സുപ്രീംകോടതിയുടേതെന്ന് റിവ്യൂ ഹര്‍ജിയില്‍ പറയുന്നു. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വ്യക്തിപരമായാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. കേരള സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്യേണ്ട എന്ന തീരുമാനമാണ് നേരത്തേ കൈക്കൊണ്ടത്.
നേരത്തേ കാലിത്തീറ്റ കേസില്‍ ബീഹാര്‍ സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്തപ്പോള്‍ സി.ബി.ഐയുടെ കേസാണിതെന്നും അതില്‍ ബീഹാര്‍ സര്‍ക്കാരിന് ഒരു കാര്യവുമില്ലെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. ഒപ്പം ഒരു ബലാത്സംഗ കേസില്‍ ദേശീയ വനിതാ കമ്മിഷന്‍ അപ്പീല്‍ ഫയല്‍ ചെയ്തപ്പോഴും വനിതാ കമ്മിഷന് ഇതിന് അവകാശമില്ലെന്ന് സുപ്രീംകോടതി വിധിച്ചിരുന്നതെന്നുമുള്ള കാര്യങ്ങളും റിവ്യൂ ഹര്‍ജിയില്‍ കാണിച്ചിട്ടുണ്ട്.
വാദം പൂര്‍ത്തിയായി പെട്ടെന്ന് വിധി പ്രസ്താവിച്ചത് അടക്കമുള്ള കാര്യങ്ങളും റിവ്യൂ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സംസ്ഥാന സര്‍ക്കാരും വി.എസ് അച്യുതാനന്ദനും ചേര്‍ന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും തെറ്റായ ഒരു വിധി ഉണ്ടാക്കുകയും ചെയ്തുവെന്നും ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെ പ്രത്യേക കോടതിയില്‍ കീഴടങ്ങിയ പിള്ള ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്.
ഇടമലയാര്‍ കോടതിയില്‍ കാണിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിള്ളയെയും ശിക്ഷിക്കപ്പെട്ട കരാറുകാരന്‍ പി.കെ. സജീവനെയും ജയിലിനുള്ളിലെ ആശുപത്രി ബ്ലോക്കിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
Discussion about this post