സന്നിധാനം: ശബരിമലയിലെ പണിമുടക്കില്‍ നിന്ന് ട്രേഡ് യൂണിയനുകള്‍ പിന്മാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പരിപാവനമായ ക്ഷേത്രത്തില്‍ സമരം പാടില്ലെന്നും കുമ്മനം പറഞ്ഞു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ക്ഷേത്രത്തില്‍ സമരം നടത്തിയെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ നടക്കുന്ന സമരത്തെ കുറിച്ച് എന്ത് പറയുന്നെന്നും കുമ്മനം ചോദിച്ചു. ശബരിമലയിലെ സമരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വിശ്വാസികള്‍ക്ക് ഇടപെടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ആരംഭിച്ച സമരത്തെ തുടര്‍ന്ന് ശബരിമയിലേക്കുള്ള ചരക്ക് നീക്കം തടസപ്പെട്ടിരുന്നു. ട്രാക്ടര്‍ കരാര്‍ തൊഴിലാളികളും, ട്രേഡ് യൂണിയന്‍ തൊഴിലാളികളും തമ്മിലുള്ള കൂലി തര്‍ക്കത്തെ തുടര്‍ന്നാണ് സമരം. ഉത്രാട സദ്യക്കും ഓണക്കോടി വിതരണത്തിനും അടക്കമുള്ള ചരക്കുകള്‍ പമ്പയില്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയായിരുന്നു.
കരാര്‍ തൊഴിലാളികളെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി ആരോപിച്ച് ട്രാക്ടര്‍ ഉടമകള്‍ ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ച ബഹിഷ്‌കരിച്ചതോടെ പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യത അടയുകയായിരുന്നു.
വിവിധ യൂണിയനുകളില്‍ അംഗങ്ങളായ അഞ്ഞൂറോളം തൊഴിലാളികളാണ് ശബരിമലയിലുള്ളത്. എന്നാല്‍, പൂജാ സാധനങ്ങളൊഴികെ മറ്റ് സാധനങ്ങളുടെ കയറ്റിറക്ക് കൂലി ലോഡ് ഒന്നിന് ഒരാള്‍ക്ക് 150രൂപ എന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. 125രൂപയില്‍ കൂടുതല്‍ കൊടുക്കാനാകില്ലെന്നാണ് ട്രാക്ടര്‍ ഉടമകള്‍ പറയുന്നത്.
Discussion about this post