ന്യൂഡല്‍ഹി: കാവേരി നദീജലം പങ്കുവയ്ക്കുന്ന പ്രശ്‌നത്തില്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലും തുടരുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ശന നടപടി വേണമെന്നു സുപ്രീംകോടതി. സമാധാനം നിലനിര്‍ത്താന്‍ ജനങ്ങള്‍ സഹകരിക്കണം.
കാവേരി പ്രശ്‌നത്തിലെ സുപ്രീംകോടതി വിധിയെത്തുടര്‍ന്നു പ്രക്ഷോഭങ്ങള്‍ ഉടലെടുക്കുന്നില്ലെന്നും നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്. കോടതിവിധി ധിക്കരിക്കാനോ നിയമം കൈയിലെടുക്കാനോ പൗരന് അധികാരമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരുകള്‍ കൈക്കൊള്ളുന്ന നടപടികള്‍ ചൊവ്വാഴ്ച അറിയിക്കണമെന്നും ജസ്റ്റീസ് ദീപക് മിശ്രയും ജസ്റ്റീസ് യു.യു. ലളിതും അടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു.
കോടതിവിധിയുണ്ടാകുമ്പോള്‍ അക്രമത്തിലൂടെ പ്രതിഷേധിക്കുന്നതിനു പകരം ബന്ധപ്പെട്ട കക്ഷികള്‍ക്കു നിയമപരമായ പരിഹാരം കണെ്ടത്താവുന്നതാണ്. കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചാല്‍ അതിന്റെ പേരില്‍ ബന്ദും സമര വും നടത്തുന്നത് ആശാസ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതിനിടെ പ്രശ്‌നത്തില്‍ ഇന്നു തമിഴ്‌നാട്ടില്‍ കര്‍ഷകസംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കാവേരി മേഖലയില്‍ ജനജീവിതം സ്തംഭിപ്പിക്കുമെന്നാണു കണക്കാക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നു മറ്റു സംസ്ഥാനങ്ങളിലേക്കുള്ള പച്ചക്കറികളുടെ നീക്കവും നിലയ്ക്കും. ഡിഎംകെ, പിഎംകെ, എംഡിഎംകെ, ഇടതുപാര്‍ട്ടികള്‍, വികെസി, ടിവികെ, ടിഎംസി തുടങ്ങിയവര്‍ ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലുള്ള കര്‍ണാടകക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയ്ക്കു കത്തയച്ചു.
തമിഴ്‌നാടിനു വെള്ളം നല്‍കുന്നതിനെതിരേ കര്‍ണാടകയില്‍ ഏതാനും സംഘടനകള്‍ ഇന്നലെ ആഹ്വാനംചെയ്ത റെയില്‍ബന്ദിനു തണുത്ത പ്രതികരണമാണുണ്ടായത്. ബംഗളൂരുവിലെ നിരോധനാജ്ഞ ഈ മാസം 25 വരെ നീട്ടിയിട്ടുണ്ട്.












