മള്ളിയൂര്‍ (കോട്ടയം): ആത്മീയാചാര്യനായ മള്ളിയൂരിനെപ്പോലെയുള്ള ജ്ഞാനികളുടെ സാന്നിദ്ധ്യം നല്‍കുന്ന ശാന്തത കൂടുതലറിവുപകരാന്‍ ഉപകരിക്കുമെന്ന് മുന്‍ രാഷ്ട്രപതി എ.പി.ജി അബ്ദുള്‍കലാം അഭിപ്രായപ്പെട്ടു. മള്ളിയൂരില്‍ ആരംഭിക്കുന്ന നവതി സ്മാരകഭാഗവത ഉദ്യാനത്തിന്റെയും ആധ്യാത്മിക പീഠത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ആത്മീയ പ്രഭചൊരിയുന്ന മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയെ കാണാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി അബ്ദുള്‍ കലാം പറഞ്ഞു.
70 വര്‍ഷമായി തുടരുന്ന ഭാഗവത പാരായണത്തിലൂടെ മള്ളിയൂര്‍ നേടിയത് മഹത്തായ സന്യാസമാണ്. ഇത് പുണ്യഭൂമിയാണ്. ആത്മീയതയിലൂടെ നേടുന്ന ആത്മവിശ്വാസം നല്‍കുന്നത് ജീവിതവിജയമായിരിക്കുമെന്ന് തന്നെ സന്ദര്‍ശിക്കാനെത്തിയ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളോട് അബ്ദുള്‍കലാം പറഞ്ഞു. ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി ലോകത്തിന് പകര്‍ന്നു നല്‍കുന്ന ആത്മീയ വെളിച്ചം ഉള്‍ക്കൊള്ളുവാന്‍ മനസ് പാകമാക്കണമെന്ന് അദ്ദേഹം പുതു തലമുറയോട് ഉപദേശിച്ചു. ബിജെപി സര്‍ക്കാരാണ് അബ്ദുള്‍ കലാമിനെ രാഷ്ട്രത്തിന്റെ പ്രഥമ പൗരനാക്കിയത് എന്ന് മറുപടിയായി അനുഗ്രഹപ്രഭാഷണം നടത്തിയ ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി അവിടെയെത്തിയ വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. ലോകാരാധ്യനായ ശാസ്ത്രജ്ഞനും മുന്‍ രാഷ്ട്രപതിയുമായി അബ്ദുള്‍കലാം ഇവിടെയെത്തി എന്നതുതന്നെ ഏറെ ആഹ്ലാദവാനാക്കുന്നുവെന്ന് ഭാഗവതഹംസം അറിയിച്ചു. ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി മുന്‍രാഷ്ട്രപതിയെ പൊന്നാടയണിയിച്ച് ആദരിച്ചു. കൂടാതെ ഗണേശ വിഗ്രഹവും തന്റെ ജീവചരിത്രവും മള്ളിയൂര്‍ തിരുമേനി മുന്‍രാഷ്ട്രപതി ഡോ.അബ്ദുള്‍കലാമിന് സമ്മാനിച്ചു. ചടങ്ങില്‍ ജോസ് കെ.മാണി എംപി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലി മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി, മാതൃഭൂമി ഡയറക്ടര്‍ പി.വി ഗംഗാധരന്‍, എന്‍.അജിതന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. വേദിയില്‍ നിന്നിറങ്ങിയ ഡോ. അബ്ദുള്‍ കലാം ഇല്ലത്തെത്തി ഭാഗവതഹംസം മള്ളിയൂരും കുടുംബാംഗങ്ങളുമായി അല്‍പസമയം ചെലവഴിച്ചശേഷമാണ് എറണാകുളത്തേക്ക് മടങ്ങിയത് അറിവിന്റെ സ്വപ്നങ്ങള്‍ക്ക് അഗ്നി ചിറകുകള്‍ നല്‍കണമെന്ന് പ്രഖ്യാപിച്ച ഭാരതം കണ്ട മികച്ച ശാസ്ത്രജ്ഞന്‍ കൂടിയ മുന്‍രാഷ്ട്രപതി കൂടിയായ ഡോ. എ.പി.ജെ. അബ്ദുള്‍കലാമിനെ കാണാന്‍ കുറുമള്ളൂര്‍ വിവേകാനന്ദ പബ്ലിക് സ്കൂള്‍, ചാന്നാനിക്കാട് വിവേകാനന്ദ പബ്ലിക് സ്കൂള്‍, പള്ളിക്കത്തോട് അരവിന്ദവിദ്യാമന്ദിരം, വിവേകാനന്ദ വിദ്യാമന്ദിര്‍ വൈക്കം തുടങ്ങി നിരവധി സ്കൂളുകളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ മള്ളിയൂരിലെത്തിയിരുന്നു.
Discussion about this post