കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളകമ്പനി(സിയാല്‍)യിലെ ഓഹരി ഉടമകള്‍ക്ക് 25 ശതമാനം ലാഭവിഹിതം നല്‍കാനുള്ള ഡയറക്ടര്‍ ബോര്‍ഡിന്റെ ശുപാര്‍ശ വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു. കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ബോര്‍ഡിന്റെ ശുപാര്‍ശ പൊതുയോഗം മുമ്പാകെ അവതരിപ്പിച്ചത്. ഇതോടെ 20032004 സാമ്പത്തികവര്‍ഷം മുതല്‍ ഇതുവരെ ഓഹരി ഉടമകള്‍ക്ക് ലഭിച്ചത് 178 ശതമാനം ലാഭവിഹിതമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സിയാലിന്റെ കഴിഞ്ഞ വര്‍ഷത്തെ മൊത്തവരുമാനം 524.53 കോടി രൂപയും അറ്റാദായം 175.22 കോടി രൂപയുമാണ്. വരുമാനത്തില്‍ 26.71 ശതമാനത്തിന്റെയും അറ്റാദായത്തില്‍ 21.19 ശതമാനത്തിന്റെയും വര്‍ധന. കഴിഞ്ഞ വര്‍ഷം 7.77 ദശലക്ഷം യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്നുപോയത്. മുന്‍വര്‍ഷത്തേക്കാള്‍ 21.20 ശതമാനം കൂടുതല്‍. മറ്റ് വിമാനത്താവളങ്ങളെക്കാള്‍ കുറഞ്ഞ ചെലവിലാണ് കൊച്ചിയുടെ പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിമാനത്താവളത്തില്‍ 13.4 മെഗാവാട്ട് ശേഷിയുള്ള പുതിയ സൗരോര്‍ജ പ്ലാന്റ് ഫെബ്രുവരിയില്‍ പ്രവര്‍ത്തനസജ്ജമാകും. നിലവില്‍ 15.4 മെഗാവാട്ട് ശേഷിയുള്ള നിലവിലുള്ള പ്ലാന്റുകളില്‍ നിന്നും കഴിഞ്ഞ ഓഗസ്റ്റ് 31 വരെ 2.53 കോടി യൂണിറ്റ് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിച്ചു.
പ്രതിദിനം 1,15,000 യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതോടെ നിലവിലുള്ള ഊര്‍ജോല്‍പ്പാദനം ഈ സാമ്പത്തികവര്‍ഷത്തില്‍ തന്നെ 28.8 മെഗാവാട്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ രാജ്യാന്തര ടെര്‍മിനല്‍ രണ്ടു മാസത്തിനകം പ്രവര്‍ത്തനസജ്ജമാകും. മണിക്കൂറില്‍ 4000 യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയും 112 ചെക്ക് ഇന്‍ കൗണ്ടറുകളും 19 ഗേറ്റുകളും 10 എയ്‌റോബ്രിഡ്ജുകളുമാണ് ഇവിടെ ഉണ്ടാകുക. പുതിയ കാര്‍ പാര്‍ക്കിങ് മേഖലയില്‍ ഒരേസമയം 1500 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും.1931 മീറ്റര്‍ നീളത്തില്‍ പുതിയ നാലുവരിപ്പാതയുടെയും മേല്‍പ്പാലത്തിന്റെയും നിര്‍മാണം അടുത്ത മാസത്തോടെ പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. വിമാനത്താവളക്കമ്പനിയുടെ അധീനതയിലുള്ള സ്ഥലം കാര്യക്ഷമമായി ഉപയോഗിക്കുന്നത് സംബന്ധിച്ച പഠനറിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കൂടുതല്‍ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നോണ്‍ മെട്രോ എയര്‍പോര്‍ട്ടുകളില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനത്തിനുള്ള എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പുരസ്‌കാരം സിയാലിന് ലഭിച്ചത് അഭിമാനാര്‍ഹമാണ്.
ജലശുദ്ധീകരണം, കാര്‍ബണ്‍ വികിരണം കുറക്കല്‍, പഞ്ചായത്തുകള്‍ക്ക് എല്‍ഇഡി തെരുവു വിളക്കുകള്‍ നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്‌കാരത്തിനും സിയാല്‍ അര്‍ഹമായി. കമ്പനിയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് മൂലധന സമാഹരണം നടത്തുന്നതിനായി സാധാരണ ഓഹരി ഉടമകള്‍ക്ക് 1:4 അനുപാതത്തില്‍ 10 രൂപ മുഖവിലയുള്ള 7,65,14,950 ഓഹരികള്‍ 40 രൂപ അധികമൂല്യത്തില്‍ നല്‍കിയതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 382.57 കോടി രൂപയാണ് അവകാശ ഓഹരി വിതരണത്തിലൂടെ സമാഹരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിയും ഡയറക്ടറുമായ വി.എസ്. സുനില്‍കുമാര്‍, മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന്‍, ഡയറക്ടര്‍മാരായ കെ. റോയ് പോള്‍, എം.എ. യൂസഫലി, എ.കെ. രമണി, എന്‍.വി.ജോര്‍ജ്, സി.വി. ജേക്കബ്, ഇ.എം. ബാബു തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു
Discussion about this post