കൊച്ചി: ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായി കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച നിയമപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശകളില്‍ പ്രായോഗികമായവ നടപ്പാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ആഴത്തില്‍ പഠനം നടത്തി നൂറോളം നിയമങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളാണ് ജസ്റ്റിസ് കൃഷ്ണയ്യര്‍ സമര്‍പ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള ബാര്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അനുസ്മരണ സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി. ജഡ്ജിയെന്ന നിലയില്‍ നീതിന്യായവ്യവസ്ഥയെയും മന്ത്രിയെന്ന നിലയില്‍ ഭരണവ്യവസ്ഥയെയും പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ സാമൂഹ്യവ്യവസ്ഥയെയും നവീകരിക്കാന്‍ ശ്രമിച്ച അപൂര്‍വവ്യക്തിത്വമാണ് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍. അനീതിക്കും ചൂഷണത്തിനുമെതിരെ പൊരുതുകയും സാധാരണക്കാരന് നീതി ഉറപ്പാക്കാന്‍ വിധിന്യായങ്ങളെഴുതുകയും ചെയ്ത മറ്റൊരു ജഡ്ജിയെ കാണാനാകില്ലെന്നാണ് കൃഷ്ണയ്യരെ കുറിച്ച് ജസ്റ്റിസ് പി.എന്‍. ഭഗവതി അഭിപ്രായപ്പെട്ടത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സാമൂഹ്യനീതിയെ തത്വചിന്താപരമായി സമീപിച്ച് സ്വാര്‍ത്ഥതാ സ്പര്‍ശമില്ലാതെ കൃഷ്ണയ്യര്‍ നടത്തിയ നീതിന്യായ ഇടപെടലുകള്‍ മനസില്‍ സൂക്ഷിച്ച് അദ്ദേഹത്തിന്റെ നീതിദര്‍ശനം മുന്നോട്ടു കൊണ്ടുപാകുകയാണ് വര്‍ത്തമാനകാല സമൂഹത്തിന്റെ കടമ. കര്‍ഷക, തൊഴിലാളി പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലമാണ് കൃഷ്ണയ്യരുടെ വ്യക്തിത്വത്തെ വാര്‍ത്തെടുത്തത്. എ.കെ.ജിയ്ക്കു വേണ്ടി കോടതിയില്‍ വാദിച്ച കൃഷ്ണയ്യരെ തൊട്ടടുത്ത ദിവസം കാത്തിരുന്നത് അറസ്റ്റും ജയില്‍വാസവുമായിരുന്നു. ഹൈക്കോടതിയിലെയും സൂപ്രീം കോടതിയിലേയും മറ്റേതെങ്കിലും ന്യായാധിപന് ഇത്തരമൊരു പൂര്‍വാനുഭവമുണ്ടാകുമോ എന്ന് സംശയമാണ് മുഖ്യമന്ത്രി പറഞ്ഞു. കോടതിയുടെ തീരുമാനങ്ങള്‍ യാന്ത്രികമായി നിര്‍വഹിക്കപ്പെടേണ്ടവയല്ലെന്ന ഓര്‍മപ്പെടുത്തലാണ് കൃഷ്ണയ്യരുടെ ജീവിതം.
നിയമവ്യാഖ്യാനത്തിലൂടെ സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് അര്‍ത്ഥതലങ്ങള്‍ നല്‍കുന്ന സചേതനപ്രക്രികയയാണ് ന്യായാധിപന്‍ നിര്‍വഹിക്കേണ്ടത്. മനുഷ്യസ്‌നേഹത്തിലധിഷ്ഠിതമായ സാമൂഹ്യവീക്ഷണവും നിയമത്തിന്റെ ചലനാത്മകതയെ കുറിച്ചുള്ള ധാരണയും കൈമുതലായുള്ള ന്യായാധിപന് നിയമത്തിന്റെ സാങ്കേതികച്ചട്ടക്കൂടുകള്‍ ഒരിക്കലും തടസമാകില്ല. നീതിപീഠത്തിന്റെ മുന്‍തീരുമാനങ്ങളിലേക്കുള്ള പിന്നോട്ടുനോക്കലുകളില്‍ തടസപ്പെട്ടു നില്‍ക്കാതെ മുന്നോട്ടുപോകാനാണ് ജസ്റ്റിസ് കൃഷ്ണയ്യര്‍ ശ്രമിച്ചത്. സാമൂഹ്യനീതിയും മൗലികാവകാശങ്ങളും സമന്വയിക്കുന്ന സംവരണം സര്‍ക്കാരിന്റെ സൗജന്യമല്ലെന്നും അവകാശമാണെന്നും വിധിന്യായത്തിലൂടെ വ്യക്തമാക്കിയ ന്യായാധിപനാണ് കൃഷ്ണയ്യര്‍. മന്ത്രിയെന്ന നിലയില്‍ നയരൂപീകരണത്തില്‍ അദ്ദേഹം നല്‍കിയ അവിസ്മരണീയമായ സംഭാവനകളുടെ സദ്ഫലങ്ങള്‍ നാം ഇപ്പോഴും അനുഭവിക്കുന്നു മുഖ്യമന്ത്രി അനുസ്മരിച്ചു.
ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഇ. ഷാനവാസ് ഖാന്‍ അധ്യക്ഷനായിരുന്നു. ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് അനു ശിവരാമന്‍, അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദ്, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സി. ശ്രീധരന്‍ നായര്‍, എം. ഷറഫുദ്ദീന്‍, എസ്.യു. നാസര്‍, കെ.എന്‍. അനില്‍കുമാര്‍, ടി.എസ്. അജിത്ത്, സി.ടി. സാബു, എന്‍. നഗരേഷ്, കെ ജയരാജന്‍, എം.വി.എസ്. നമ്പൂതിരി, ടി.എച്ച്. അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു
Discussion about this post