തിരുവനന്തപുരം: ഓണ്‍ലൈന്‍ ലോട്ടറി മാഫിയയുമായി മുഖ്യമന്ത്രിയുടെ മകനു ബന്ധമുണ്ടെന്ന് ആരോപിച്ചു പ്രതിപക്ഷവും ഇടമലയാര്‍,ഐസ്‌ക്രീം,പാമോലിന്‍ കേസുകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയും പരസ്‌പരം ഏറ്റുമുട്ടിയതിനെ തുടര്‍ന്നു നിയമസഭാ നടപടികള്‍ സ്‌തംഭിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ പ്രകോപിതരായ പ്രതിപക്ഷം മുക്കാല്‍ മണിക്കൂറിനിടെ ആറു തവണ നടുത്തളത്തിലിറങ്ങി. സ്‌പീക്കര്‍ ഒരു മണിക്കൂറിലേറെ സഭ നിര്‍ത്തി വച്ചുവെങ്കിലും വീണ്ടും മുഖ്യമന്ത്രി വിശദീകരണത്തിന് എഴുന്നേറ്റപ്പോള്‍ ഏഴാം തവണയും പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങുകയായിരുന്നു.തുടര്‍ന്ന് 10 മിനിറ്റു കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ പിരിഞ്ഞു.
ലോട്ടറി പ്രശ്‌നത്തില്‍ യുഡിഎഫ് ഉന്നയിച്ച സബ്‌മിഷനു മറുപടി പറയുന്നതിനിടെ മു്യമന്ത്രി മറ്റുവിഷയങ്ങളിലേക്കു കടന്നതാണു ബഹളത്തിനു കാരണമായത്. നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രശ്‌നത്തിന്റെ പേരില്‍ ഇത്രയേറെ തവണ പ്രതിപക്ഷം നടുത്തളത്തിലിറങ്ങുന്നത്.ഉപക്ഷേപത്തിനു മറുപടി പറയുന്നതു സംബന്ധിച്ച നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ച് പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുന്ന പ്രസംഗം മുന്‍പ് മറ്റൊരു മുഖ്യമന്ത്രിയും ഇതു പോലെ എഴുതി വായിച്ചിട്ടില്ല.
ലോട്ടറി കേസ് സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്നാരോപിച്ചു വി.ഡി.സതീശന്‍ ആണു സബ്‌മിഷന്‍ നല്‍കിയത്. മുഖ്യമന്ത്രിയുടെ മകന്‍ അരുണ്‍ കുമാറിന് ഓണ്‍ലൈന്‍ ലോട്ടറി മാഫിയയുമായി ബന്ധമുണ്ടെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രി അയച്ച കത്ത് ചട്ടപ്രകാരം അല്ലെന്നു കാണിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരം സംസ്‌ഥാനത്തിനു കത്തയച്ചിരുന്നു. എന്നാല്‍ ആ കത്ത് മുഖ്യമന്ത്രി പൂഴത്തി വച്ചു. അരുണ്‍കുമാറും ലോട്ടറി മാഫിയയും തമ്മിലുളള ബന്ധമാണ് അതിനു കാരണമെന്നു വി.ഡി.സതീശന്‍ പറഞ്ഞു.
ഇതിനു മറുപടി പറഞ്ഞ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ കോണ്‍ഗ്രസിനെയും കേന്ദ്ര സര്‍ക്കാരിനെയും കടന്നാക്രമിച്ചു. കോണ്‍ഗ്രസ് വക്‌താവ് അഭിഷേക് സിങ്‌വിയാണു ലോട്ടറി മാഫിയയ്‌ക്കു വേണ്ടി കോടതിയില്‍ വാദിച്ചത്. അദ്ദേഹത്തെ വക്‌താവ് സ്‌ഥാനത്തു നിന്നു നീക്കിയിട്ടു വീണ്ടും നിയമിച്ചു. പി.ചിദബംരവും നളിനി ചിദംബരവും ലോട്ടറി മാഫിയയ്‌ക്കു വേണ്ടി കോടതി കയറി. ഇതിന്റെയെല്ലാം നാണക്കേട് മറയ്‌ക്കാനാണ് പ്രതിപക്ഷം പുതിയ ആരോപണവുമായി വന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ മുഖ്യമന്ത്രി ആര്‍.ബാലകൃഷ്‌ണപിള്ളക്കെതിരായ കേസിലേക്കു കടന്നു. ഇടമലയാര്‍ കേസില്‍ തന്റെ ഓഫിസ് ആരെയും സ്വാധീനിച്ചിട്ടില്ല. അതിനു തെളിവുണ്ടെങ്കില്‍ പ്രതിപക്ഷം ഹാജരാക്കണമെന്നു വി.എസ്. ആവശ്യപ്പെട്ടു. യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച നിയമസഭ സമിതിയാണ് ഇടമലയാര്‍ കേസില്‍ ആദ്യം അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. എന്നിട്ടും ബാലകൃഷ്‌ണപിള്ളയെ ശിക്ഷിച്ച സുപ്രീംകോടതി വിധി അംഗീകരിക്കാന്‍ യുഡിഎഫ് തയാറായിട്ടില്ല. ഇതിന് അവര്‍ ജനങ്ങളോടു മാപ്പു പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തുടര്‍ന്നു മുഖ്യമന്ത്രി വിഷയത്തില്‍ നിന്നു മാറി മറ്റു വിഷയങ്ങളിലേക്കു കടക്കുകയാണെന്ന് ആരോപിച്ചു പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ബഹളം അവസാനിപ്പിച്ചു പ്രതിപക്ഷം സീറ്റുകളിലേക്കു മടങ്ങിയെങ്കിലും മു്യമന്ത്രി ഐസ്‌ക്രീം, പാമൊലിന്‍ കേസുകള്‍ എടുത്തിടുകയായിരുന്നു.
Discussion about this post