തിരുവനന്തപുരം: കായിക മേഖലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങള്‍ ഉള്‍ക്കൊളളിച്ച് കായികനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍. കായികയുവജനകാര്യ വകുപ്പിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ധനാഭ്യര്‍ത്ഥന ചര്‍ച്ച തടസ്സപ്പെട്ടത്തിനെത്തുടര്‍ന്ന് സഭയില്‍ സമര്‍പ്പിച്ച മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
എല്ലാ ജില്ലകളിലും മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയം നിര്‍മ്മിക്കാനുളള ബജറ്റിലെ പ്രഖ്യാപനം നടപ്പാക്കാനുളള സ്ഥലനിര്‍ണയം നടന്നുവരുകയാണ്. ഇത് പൂര്‍ത്തിയായ ശേഷം വിശദമായ പദ്ധതി രേഖ തയ്യാറാക്കി കിഫ്ബിക്ക് സമര്‍പ്പിക്കും. ഇതു സംബന്ധിച്ച നടപടികള്‍ ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കും. എല്ലാ പഞ്ചായത്തിലും കളിക്കളം എന്ന പദ്ധതിയില്‍ ഈ സാമ്പത്തിക വര്‍ഷം 31 മിനി സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി അറിയിച്ചു. കായിക വകുപ്പിന് കീഴിലുളള ഓഫീസുകള്‍ ഏകീകരിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തും. എല്ലാ സ്ഥാപനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ കായികഭവന്‍ നിര്‍മ്മിക്കും. അവശത അനുഭവിക്കുന്ന കായികതാരങ്ങള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ ഏകീകരിച്ച് പെന്‍ഷന്‍ തുക 2000 രൂപയായി ഉയര്‍ത്തും. സമര്‍ത്ഥരായ കായിക താരങ്ങള്‍ക്ക് എം.ബി.ബി.എസ് പ്രവേശനത്തിന് എല്ലാ മെഡിക്കല്‍ കോളേജുകളിലും ഒരു സീറ്റ് ഉറപ്പാക്കും. സ്‌കൂള്‍ കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കാന്‍ പദ്ധതി ആവിഷ്‌കരിച്ചുവരികയാണ്.
അടുത്തവര്‍ഷം കൊച്ചിയില്‍ നടക്കുന്ന ഫിഫവേള്‍ഡ് കപ്പ് ഫുട്‌ബോളിന്റെ നടത്തിപ്പിനായി 36 കോടി രൂപ അനുവദിക്കും. കേരളോത്സവത്തില്‍ ഏറ്റവും നല്ല കായികതാരങ്ങളെ അണിനിരത്തുന്ന സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് മിനിസ്റ്റേഴ്‌സ് ട്രോഫിയും ഒരു ലക്ഷം, അമ്പതിനായിരം, ഇരുപത്തി അയ്യായിരം രൂപ വീതം ക്യാഷ് അവാര്‍ഡും നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ദേശീയ യുവജനോത്സവം 2017 കേരളത്തില്‍ നടത്താന്‍ കേന്ദ്രനുമതി ലഭിച്ചിട്ടുണ്ട്. മാലിന്യമുക്ത കേരളം, പദ്ധതി, ജൈവകൃഷി പ്രോത്സാഹന പദ്ധതി എന്നിവയിലും സാന്ത്വന പരിചരണത്തിലും യുവജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്ക് യുവജനക്ഷേമ ബോര്‍ഡ് നേതൃത്വം നല്‍കും.
ഏറ്റവും മെച്ചപ്പെട്ട ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന യുവജന ക്ലബ്ബിനും യുവാവ്/ യുവതിക്കും ഒരു ലക്ഷം രൂപ അവാര്‍ഡ് നല്‍കുമെന്നും മന്ത്രി അറിയിച്ചു.
Discussion about this post