പാലക്കാട്: വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ വാളയാറിലെ മലബാര്‍ സിമന്റ്‌സ് സന്ദര്‍ശിച്ചു. അസംസ്‌കൃത വസ്തുക്കളുടെ അപര്യാപ്തത മൂലം കുറച്ചു ദിവസങ്ങളായി സിമന്റ് ഉത്പാദനം നിലച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.
അസംസ്‌കൃത വസ്തുക്കളായ കല്‍ക്കരി, ലാട്രേറ്റ്, ചുണ്ണാമ്പുകല്ല് എന്നിവയുടെ ശേഖരണത്തിലുണ്ടായ കുറവ് ഉടന്‍ പരിഹരിക്കാന്‍ ഇന്നലെ കൂടിയ ഉദ്യോഗസ്ഥരുടെയും, തൊഴിലാളി സംഘടനാ നേതാക്കളുടെയും യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. കല്‍ക്കരി റീടെണ്ടര്‍ നടത്തി കൂടുതല്‍ ശേഖരിക്കാനും, ചുണ്ണാമ്പുകല്ല് രാജസ്ഥാനിലെ പൊതുമേഖലാ സ്ഥാപനം വഴി ഇറക്കുമതി ചെയ്യാനുമുള്ള നടപടികള്‍ വേഗത്തിലാക്കും. ലട്രേറ്റ് ഖനനാനുമതിയില്‍ തടസ്സം നേരിട്ടത് പരിഹരിക്കാന്‍ മന്ത്രിതന്നെ നേരിട്ട് ഇടപെടാനും തീരുമാനിച്ചു.
ഉത്പാദനം വര്‍ദ്ധിപ്പിച്ച് മലബാര്‍ സിമന്റിനെ ഉയര്‍ച്ചയില്‍ എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. അതുമൂലം വിപണിയിലെ വിലവര്‍ദ്ധനവ് നിയന്ത്രിക്കാനാകുമെന്നും ഗവണ്മെന്റ് കണക്കു കൂട്ടുന്നു. പുതിയ മിഡില്‍ മാനേജ്‌മെന്റ് സംവിധാനം ആവിഷ്‌കരിച്ച് മാനേജ്‌മെന്റ് രംഗത്തുള്ള പോരായ്മകള്‍ പരിഹരിക്കും. അതിന് മുന്നോടിയായാണ് മലബാര്‍ സിമന്റിന്റെ തലപ്പത്ത് അഴിച്ചുപണി നടത്തിയത്. മെച്ചപ്പെട്ട വിതരണക്കാരെ കണ്ടെത്തി വിപണന മേഖലയില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമിടും. എത്രയും വേഗം സിമന്റ് നിര്‍മ്മാണം പുനരാരംഭിക്കുമെന്നും, ഉത്പാദന ശേഷി രണ്ടു മാസങ്ങള്‍ക്കുള്ളില്‍ പത്ത് ശതമാനം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വില ഏകീകരണം നടപ്പിലാക്കി വിപണിയിലെ മുന്‍നിര ബ്രാന്റായി മലബാര്‍ സിമന്റിനെ മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റിനെ തകര്‍ക്കാനുള്ള ബാഹ്യശക്തികളുടെ ഇടപെടല്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും, അവര്‍ക്കെതിരെ തൊഴിലാളികളും, മാനേജ്‌മെന്റും, സര്‍ക്കാരും ജാഗ്രതയോടെ ഒറ്റക്കെട്ടായി പോരാടുമെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കി.
Discussion about this post