തിരുവനന്തപുരം: മദ്യത്തിന്റെ ആവശ്യകത ഇല്ലാതാക്കിയാലേ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ കഴിയൂ എന്ന് അനുഭവങ്ങളിലൂടെ തെളിഞ്ഞതായി എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. നിയമവിധേയമായ മദ്യം ഇല്ലാതാക്കിയാല്‍ നിയമവിരുദ്ധമായ മദ്യം വ്യാപിക്കാന്‍ ഇടയാക്കും. അത് വലിയ ദുരന്തത്തിന് വഴിവെക്കുമെന്നും മദ്യാസക്തിയില്‍ നിന്ന് മോചിപ്പിക്കാന്‍ ബോധവത്കരണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും എക്‌സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിമുക്ത കേരളം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരിക്കെതിരെ ജനപങ്കാളിത്തത്തോടെയുള്ള മുന്നേറ്റത്തിന് സര്‍ക്കാര്‍ തുടക്കം കുറിക്കുകയാണ്. കേരള ലഹരിവര്‍ജന മിഷന്‍ വിമുക്തി എന്ന പേരില്‍ വിപുലമായ ബോധവത്കരണം ആരംഭിക്കുകയാണ്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഈ മഹാപ്രസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആവാന്‍ സമ്മതിച്ചിട്ടുണ്ട്. ബോധവത്കരണത്തിനായി കലാ, സാംസ്‌കാരിക മേഖലകളുടെ പങ്കാളിത്തം പരിപൂര്‍ണമായി വിനിയോഗിക്കും. ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെയും സഹകരണം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മികച്ച ലഹരി വിമുക്ത ആശയം ഉള്‍ക്കൊള്ളുന്ന സ്‌കൂള്‍, കോളേജ് മാഗസിനുകള്‍ക്കുള്ള പുരസ്‌കാരം പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ ഗവ. ഹൈസ്‌കൂളിനും കോട്ടയത്തെ സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിനും മന്ത്രി വിതരണം ചെയ്തു. മികച്ച മാഗസിന്‍ സൃഷ്ടികള്‍ക്കുള്ള പുരസ്‌കാരം അയിരൂര്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഗോപികയ്ക്കും സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ എ. ഗായത്രിക്കും നല്‍കി.
വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ കെ.എ. ജോസഫ് എന്നിവര്‍ സംസാരിച്ചു. റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.വി. പ്രശാന്ത് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. ചടങ്ങിനുശേഷം കണ്ണൂര്‍ എക്‌സൈസ് ഡിവിഷന്‍ വരല്ലേ ഇതു വഴിയേ എന്ന നാടകം അവതരിപ്പിച്ചു.
Discussion about this post