ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ തെളിവുകളും സാക്ഷിമൊഴികളും നിരത്തിയ പ്രോസിക്യൂഷനു ഗുരുതരമായ വീഴ്ചയുണ്ടായെന്നു സുപ്രീംകോടതി. വിചാരണവേളയില്‍ ഹാജരാക്കിയ സാക്ഷിമൊഴികള്‍ വിശ്വസിക്കണോ ഡോക്ടറുടെ അഭിപ്രായം വിശ്വസിക്കണോയെന്നു കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞു. യാത്രചെയ്തിരുന്ന ട്രെയിനില്‍നിന്നു സൗമ്യ ചാടി രക്ഷപ്പെട്ടതായി ഒരു മധ്യവയസ്‌കന്‍ പറഞ്ഞെന്നു നാലാം നമ്പര്‍ സാക്ഷിയും നാല്പതാം സാക്ഷിയും മൊഴി നല്‍കിയിട്ടുണ്ട്. വധശിക്ഷ ഒഴിവാക്കിയത് ഈ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ്. കുറ്റം ചെയ്തതിനു 101 ശതമാനം തെളിവുണ്ടെങ്കില്‍ മാത്രമേ വധശിക്ഷ നല്‍കാന്‍ കഴിയുകയുള്ളൂവെന്നും സംശയത്തിന്റെ കണികയുണ്ടെങ്കില്‍ വധശിക്ഷ നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടതു ഗോവിന്ദച്ചാമിയാണെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല. ഒറ്റക്കൈയനായ ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടു എന്ന സാഹചര്യ ത്തെളിവുകള്‍ വിശ്വാസ്യയോഗ്യമല്ല. സാഹചര്യത്തെളിവുകളും ശാസ്ത്രീയ പഠനങ്ങളുമല്ല, സാക്ഷികളുടെ മൊഴിയാണു സുപ്രധാന കേസുകളില്‍ ആദ്യപടിയായി സ്വീകരിക്കുന്നത്. ഗോവിന്ദച്ചാമിക്കെതിരേയുള്ള കൊലപാതകക്കുറ്റം റദ്ദാക്കിയ ഉത്തരവിനെതിരേ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി. അതേസമയം, സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടതാണെന്നാണു മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നതെന്നും ഇതു തെളിയിക്കുന്നതിനുള്ള ശാസ്ത്രീയ തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.ടി.എസ്. തുളസി കോടതിയില്‍ വ്യക്തമാക്കി.
പ്രതി ട്രെയിനിനുള്ളില്‍ സൗമ്യയെ ആക്രമിച്ചതിനു തെളിവുണ്ട്. സൗമ്യയുടെ തലയിലേറ്റ ഒന്നാമത്തെ പ്രധാന പരിക്ക് അതു വ്യക്തമാക്കുന്നതാണ്. പ്രതി ബലപ്രയോഗത്തിലൂടെ സൗമ്യയുടെ തല ട്രെയിനിന്റെ ചുവരിലും വാതിലിലും ഇടിച്ചതിലൂടെയാണ് ഈ മുറിവുണ്ടായതെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സൗമ്യയുടെ ക്ലിപ്പുകളും ഗോവിന്ദച്ചാമിയുടെ ഷര്‍ട്ടിന്റെ ബട്ടന്‍സും ട്രെയിനില്‍നിന്നു കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മരണകാരണം തലയിലെ രണ്ടാമത്തെ ഗുരുതര മുറിവാണെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്നും എന്നാല്‍, അതിനു കാരണക്കാരന്‍ ഗോവിന്ദച്ചാമിയാണെന്നതിനു തെളിവില്ലെന്നും മൂന്നംഗ ബെഞ്ചിലെ ജസ്റ്റീസ് യു.യു. ലളിത് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ പ്രോസിക്യൂഷന് സെല്‍ഫ് ഗോളാണെന്നും ബെഞ്ച് തുറന്നടിച്ചു.
ആക്രമണം നടത്തിയ പ്രതിയുടെ ഉദ്ദേശ്യം വ്യക്തമാണെന്നും ഗുരുതരമായി പരിക്കേറ്റു കിടന്ന സൗമ്യയെ മാനഭംഗം ചെയ്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൊലപാതക കേസില്‍ കണക്കിലെടുക്കണമെന്നുമുള്ള വാദവും കോടതി അംഗീകരിച്ചില്ല. ഈ കുറ്റങ്ങള്‍ക്കു മതിയായ ശിക്ഷ നല്‍കിയിട്ടുണ്ടെന്നു വ്യക്തമാക്കിയ കോടതി, മുന്‍ ഉത്തരവ് പുനഃപരിശോധിക്കുന്നതിനു മതിയായ തെളിവുകള്‍ ഹാജരാക്കാനായിട്ടില്ലെന്നും നിരീക്ഷിച്ചു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ നടപടി തെറ്റായെങ്കില്‍ അതു തിരുത്താന്‍ മടിയില്ല. എന്നാല്‍, അതിനാവശ്യമായ തെളിവ് കോടതിക്കു മുമ്പില്‍ എത്തിക്കേണ്ടതു പ്രോസിക്യൂഷന്റെ ബാധ്യതയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
തെളിവുകള്‍ സംബന്ധിച്ച കോടതിയുടെ ആവര്‍ത്തിച്ച ചോദ്യങ്ങളെത്തുടര്‍ന്ന് കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കെ.ടി.എസ്. തുളസി കോടതിയെ അറിയിച്ചു. ഈ ആവശ്യത്തില്‍ നീരസം പ്രകടിപ്പിച്ച കോടതി മുന്നൊരുക്കങ്ങളില്ലാതെ വാദത്തിനെത്തി കോടതിയുടെ സമയം കളയുകയാണെന്നും വിമര്‍ശിച്ചു.
സൗമ്യയുടെ അമ്മ സുമതിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഹുദൈഫ് അഹമ്മദിയും കൂടുതല്‍ സമയം വേണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. ഇതേത്തുടര്‍ന്ന് വാദം തുടരുന്നതിനു കേസ് 17ലേക്കു മാറ്റുകയായിരുന്നു.
Discussion about this post