ന്യൂഡല്‍ഹി: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനായ രമിത്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ബിജെപി ദേശീയ വക്താവ് ജിവിഎല്‍ നരസിംഹറാവു ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കണ്ണൂരില്‍ സിപിഎം നടത്തുന്നത് രാഷ്ട്രീയ ഭീകരവാദമാണെന്നും അദ്ദേഹം പറഞ്ഞു.
അച്ഛന്‍ കൊല്ലപ്പെട്ടതിനു ശേഷം നിരവധി ഭീഷണികളും അക്രമങ്ങളും രമിത്തിനും കുടുംബത്തിനും നേരിടേണ്ടി വന്നിട്ടുണ്ട്. അവര്‍ക്ക് മതിയായ സംരക്ഷണം ഉറപ്പ് വരുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ജിവിഎല്‍ നരസിംഹറാവു ചൂണ്ടിക്കാട്ടി. കേരളത്തില്‍ ബിജെപി നേടിയ വളര്‍ച്ചയും കോഴിക്കോട് നടന്ന ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ വന്‍ വിജയവും സിപിഎമ്മിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്.
ബിജെപിയുടെ വളര്‍ച്ചയെ കൊലപാതകത്തിലൂടെ തടയാനാണ് സിപിഎം ശ്രമിക്കുന്നത്. ബംഗാളില്‍ നേരിട്ട തിരിച്ചടി കേരളത്തിലും സംഭവിക്കുമോയെന്ന ഭയമാണ് സിപിഎമ്മിനെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാടെന്ന് പേരുകേട്ട കേരളത്തിന് നാണക്കേടാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. കണ്ണൂരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പതിയണമെന്നും നരസിംഹറാവു ദില്ലിയില്‍ ആവശ്യപ്പെട്ടു.
Discussion about this post