തിരുവനന്തപുരം: ജനങ്ങളോട് പോലീസ് മാന്യമായി പെരുമാറുകയും മൂന്നാമുറ അവസാനിപ്പിക്കുകയും വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. പരിശീലനം പൂര്‍ത്തിയാക്കിയ റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിങ് ഔട്ട് പരേഡിന് അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളും ദുര്‍ബലവിഭാഗങ്ങളുമുള്‍പ്പെടെ എല്ലാവരുടെയും ആവലാതികള്‍ക്ക് ആശ്വാസമേകുന്ന, അഴിമതിക്ക് വശംവദരാകാത്ത മര്യാദയോടെ പെരുമാറുന്ന പോലീസാണ് നാടിനാവശ്യം. കൊളോണിയല്‍ കാലത്തെ മര്‍ദ്ദനശൈലിയല്ല ഇക്കാലത്ത് പിന്തുടരേണ്ടത്. മര്‍ദ്ദനവും ഭീഷണിയുമാണ് പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനമെന്ന ധാരണയ്ക്ക് മാറ്റംവന്നിട്ടുണ്ട്. ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും മൂന്നാംമുറ അവസാനിപ്പിക്കണമെന്നും കര്‍ശനനിര്‍ദേശം സര്‍ക്കാര്‍ നേരത്തെതന്നെ നല്‍കിയിട്ടുണ്ട്. അതിനുവിരുദ്ധമായ ഒറ്റപ്പെട്ട പ്രവണതകള്‍ വെച്ചുപൊറുപ്പിക്കില്ല.
മൂന്നാംമുറ പോലെത്തന്നെ അഴിമതിയും ഇല്ലാതാകണം. കേരള പോലീസ് ഇന്ത്യയിലെ മികച്ച സേനകളില്‍ ഒന്നായാണ് അറിയപ്പെടുമ്പോഴും അഴിമതിക്ക് വശംവദരാകുന്ന ചിലരെക്കുറിച്ചുള്ള പരാതികള്‍ ഇടയ്ക്ക് ഉയരുന്നത് അവഗണിക്കാന്‍ കഴിയില്ല. അത്തരം പരാതികളില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സേനയില്‍ ആള്‍ശേഷി വര്‍ധിപ്പിക്കാനും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും നടപടികള്‍ കൈക്കൊള്ളും.
പോലീസില്‍ വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കും. കൂടുതല്‍ സ്ഥലങ്ങളില്‍ പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കാനും, നവീനസാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. തീര്‍പ്പാക്കാതെ കിടന്ന എസ്.ഐമാരുടെ സീനിയോരിറ്റി ലിസ്റ്റ് അംഗീകരിച്ച് ഒഴിവുകള്‍ നികത്താനുള്ള നടപടികള്‍ കെക്കൊണ്ടതും ഇതിന്റെ ഭാഗമായാണ്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സുരക്ഷയും നാട്ടില്‍ സമാധാനവും ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ആധുനിക കാലത്ത് പോലീസിന്റെ ചുമതലാനിര്‍വഹണം മുന്‍കാലത്തേക്കാള്‍ സങ്കീര്‍ണമാണ്. തീവ്രവാദ ഭീഷണികള്‍ പുറത്തുനിന്ന് മാത്രമല്ല, സംസ്ഥാനത്തിനകത്തുനിന്നും ഉയരുന്ന സ്ഥിതിയാണ്. ഭൂമി, ലഹരി, ബ്‌ളേഡ്, ഗുണ്ടാ മാഫിയകളെയും അമര്‍ച്ചചെയ്യേണ്ടതുണ്ട്. പ്രായോഗികബുദ്ധിയും ശരിയായ കാഴ്ചപ്പാടും ഉണ്ടെങ്കിലേ പോലീസുകാര്‍ക്ക് വിജയിക്കാനാകൂ. നല്ല ഉദ്യോഗസ്ഥനാവാന്‍ കഴിവുമാത്രം പോര, ജോലി ചെയ്യുന്ന പ്രദേശത്തെ ജനസമൂഹത്തെ ആഴത്തിലറിയാനുള്ള മനസൂകൂടി വേണം. ജനങ്ങളുടെ പിന്തുണയോടെ സുരക്ഷയും സമാധാനാന്തരീക്ഷവും ഉറപ്പാക്കാനാണ് ശ്രമിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എസ്.എ.പി, കെ.എ.പി മൂന്ന്, കെ.എ.പി അഞ്ച് ബറ്റാലിയനുകളിലെ പരിശീലനം പൂര്‍ത്തിയാക്കിയ 247 റിക്രൂട്ട് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡാണ് എസ്.എ.പി ഗ്രൗണ്ടില്‍ നടന്നത്. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി നിതിന്‍ അഗര്‍വാള്‍, മറ്റ് ഉന്നത പോലീസുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post