തിരുവനന്തപുരം: ഏറ്റവും മികച്ച രീതിയില്‍ പച്ചക്കറി കൃഷിചെയ്യുന്ന ആദിവാസി ഊരുകളെക്കൂടി അടുത്ത വര്‍ഷം മുതല്‍ പച്ചക്കറി കൃഷി വികസന പദ്ധതി അവാര്‍ഡിനു പരിഗണിക്കുമെന്നും അവാര്‍ഡ് തുകകള്‍ ഇരട്ടിയായി വര്‍ധിപ്പിക്കുമെന്നും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. 2015 16 വര്‍ഷത്തെ പച്ചക്കറി കൃഷി വികസന പദ്ധതി സംസ്ഥാനതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്പതിനായിരം ഹെക്ടറില്‍ പച്ചക്കറികൃഷി വ്യാപിപ്പിക്കുന്നതിനും മൂന്നു വര്‍ഷത്തിനുള്ളില്‍ പച്ചക്കറി സ്വയം പര്യാപ്ത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുമായി വിവിധ പദ്ധതികള്‍ക്ക് കൃഷി വകുപ്പ് രൂപം നല്‍കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഓണക്കാലത്ത് 4188 മെട്രിക് ടണ്‍ പച്ചക്കറിയാണ് വകുപ്പ് സംഭരിച്ചത്. അതില്‍ 3040 മെട്രിക് ടണ്ണും കേരളത്തിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ചതാണ്. മറ്റു കച്ചവടക്കാര്‍ നല്‍കുന്ന വിലയേക്കാള്‍ പത്തു ശതമാനം അധിക വില നല്‍കി കര്‍ഷകരില്‍ നിന്ന് സംഭരിച്ച പച്ചക്കറി മാര്‍ക്കറ്റ് വിലയേക്കാള്‍ മുപ്പതു ശതമാനം കുറച്ചാണ് ഹോര്‍ട്ടി കോര്‍പ് വഴി വില്പന നടത്തിയതെന്നും മന്ത്രി പറഞ്ഞു. ഈ രീതി ഉത്സവസീസണുകളില്‍ മാത്രമാക്കാതെ എല്ലാക്കാലത്തും പിന്തുടരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി ഇക്കോഷോപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കും.
ഇക്കോഷോപ്പുകള്‍ പ്രവര്‍ത്തിക്കാത്ത വയനാട്, കാസര്‍കോഡ്, മലപ്പുറം ജില്ലകളില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ ഇക്കോഷോപ്പുകള്‍ തുടങ്ങും. അതിനുപുറമേ, ഒരു ബ്ലോക്കില്‍ രണ്ടു പുതിയ കാര്‍ഷിക ക്ലസ്റ്ററുകള്‍ വീതം ആരംഭിക്കും. ഈ ക്ലസ്റ്ററുകളില്‍ ഉത്പാദിപ്പിക്കുന്നവ അവിടെത്തന്നെ വിപണനം ചെയ്യാന്‍ സൗകര്യമുണ്ടാക്കും. കൃഷി അനുബന്ധ മേഖലയിലെ ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിനും മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ ഉത്പാദനത്തിനും വില്പനയ്ക്കുമായി എല്ലാ ജില്ലയിലും അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കും. അഞ്ഞൂറു കോടി രൂപ ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
നാളികേരം, നെല്ല്, റബ്ബര്‍, തേന്‍പഴവര്‍ഗങ്ങള്‍ എന്നിവയുടെ മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണമാണ് ഈ അഗ്രോ പാര്‍ക്കുകളിലൂടെ മുഖ്യമായും ലക്ഷ്യമിടുന്നത്. അഗ്രോ പാര്‍ക്കുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ആശയരൂപീകരണത്തിനായി ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ കനകക്കുന്നില്‍ ദ്വിദിന ദേശീയ നയരൂപീകരണ ശില്‍പശാല സംഘടിപ്പിക്കുമെന്നും ശില്പശാലയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ അതത് ജില്ലാ കൃഷി ഓഫീസുകളിലോ കൃഷിഭവനുകളിലോ ഒക്ടോബര്‍ 15നുമുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രി അറിയിച്ചു.
Discussion about this post