കൊച്ചി: കോടതികള്‍ അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതികള്‍ രാജ്യത്തിന്റെ മൊത്തം സ്വത്താണ്. അവിടെ ആര് കയറണമെന്ന് തീരുമാനിക്കാനുള്ള അധികാരം അഭിഭാഷകര്‍ക്കില്ല. ജുഡീഷ്യറിക്ക് ഉള്ള അധികാരം തങ്ങള്‍ക്കുണ്ടെന്ന് അഭിഭാഷകര്‍ തെറ്റിദ്ധരിക്കേണ്ടതില്ല. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും പരസ്പരം പോരടിക്കേണ്ടവരല്ലെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
കോടതികളില്‍ കയറുന്നതില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ തടയുന്നത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. മാധ്യമ-അഭിഭാഷക തര്‍ക്കത്തില്‍ ചീഫ് ജസ്റ്റീസുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണ പൊളിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇത്തരക്കാരെ ഒറ്റപ്പെടുത്തണം. വിലക്കില്ലാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പോകാന്‍ സാധിക്കണം. അതിരുവിട്ടാല്‍ അസഹനീയമായി വന്നാല്‍ നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടും. ധാരണയുണ്ടാക്കിയ ശേഷവും വെള്ളിയാഴ്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ട നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി മുന്നിറിയിപ്പ് നല്‍കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ഒ.രാജഗോപാല്‍ എംഎല്‍എ, കൊച്ചി മേയര്‍ സൗമിനി ജെയിന്‍ തുടങ്ങിയ പ്രമുഖര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post