തിരുവനന്തപുരം: കേരളത്തിന്റെ മാനസികാരോഗ്യം മെച്ചപ്പെടണമെങ്കില്‍ നല്ല ഭക്ഷണവും മനസും മാത്രം പോര നല്ല സാമൂഹികബോധം കൂടിയുണ്ടാവണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ജനങ്ങളെയാകെ സാമൂഹിക, രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാക്കി കൊണ്ടാണ് മാനസിക സുസ്ഥിരത ഉറപ്പുവരുത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമും തിരുവനന്തപുരം ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമും തിരുവനന്തപുരം ഗവ.മാനസികാരോഗ്യ ആശുപത്രിയും സംയുക്തമായി മന:ശാസ്ത്ര മാനസികാരോഗ്യ പ്രഥമ ശുശ്രുഷ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
എത്രത്തോളം മറ്റൊരു മനുഷ്യന്റെ മനസുമായി സംവദിക്കാന്‍ സാധിക്കുന്നു എന്നതാണ് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ തന്നെ മാനസികാരോഗ്യം മെച്ചപ്പെടുത്താനുളള ഉപദേശ, നിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൃണമൂലതലത്തില്‍തന്നെ ഓരോ കുടുംബത്തിനും വേണ്ടതെന്താണെന്ന് ബോധ്യപ്പെടുത്താന്‍ കഴിയണം. ശരീരവും മനസും ഒരുപോലെ നന്നായാലേ പൗരന്റെ ആരോഗ്യം നന്നാവൂ. പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഈ രണ്ടുതലങ്ങളും മനുഷ്യജീവിതത്തില്‍ സുസ്ഥിരമാക്കി മാനസിക സുസ്ഥിരതയുളള പൗരന്‍മാരുടെ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം എന്നും കെ.കെ.ശൈലജ പറഞ്ഞു.
സംസ്ഥാന മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി സെക്രട്ടറി ഡോ.ഡി.രാജു അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.ബി. ശ്രീലത, ദേശീയ ആരോഗ്യ മിഷന്‍ സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ.ഉഷാ കുമാരി.എസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സുനില്‍ രാജ്, തിരുവനന്തപുരം മാനസികാരോഗ്യക്രേന്ദം സൂപ്രണ്ട് ഡോ.എം.എന്‍.ജയശ്രീ, ജില്ലാ മാനസികാരോഗ്യപരിപാടി നോഡല്‍ ഓഫീസര്‍ ഡോ.കിരണ്‍ പി.എസ്, തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രം മുന്‍ സൂപ്രണ്ട് ഡോ.എ.അബ്ദുല്‍ ബാരി തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post