തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ എല്‍പി-യുപി സ്‌കൂളുകളിലും വൈഫൈ സൗകര്യമുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുവാനുള്ള പദ്ധതി നവംബര്‍ ഒന്നിന് ആരംഭിക്കും. ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ സ്‌കൂള്‍ സഹായക ഡിജിറ്റല്‍ ശൃംഖലയ്ക്ക് കേരളപ്പിറവി ദിനത്തില്‍ തുടക്കമിടുന്നത്.
നവംബര്‍ ഒന്നുമുതല്‍ പതിനായിരത്തോളം സര്‍ക്കാര്‍ എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലാണ് രണ്ട് എംബിപിഎസ് വേഗതയില്‍ പരിധിയില്ലാത്ത ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകാന്‍ പോകുന്നത്. 40 ശതമാനം സ്‌കൂളുകളില്‍ ഡിസംബര്‍ അവസാനത്തോടെ ഈ സൗകര്യം പൂര്‍ത്തിയാക്കും. ബാക്കി സ്‌കൂളുകളില്‍ 2017 മാര്‍ച്ച് 31നകം കണക്ഷന്‍ പൂര്‍ത്തീകരിക്കും. ഡാറ്റ ഉപയോഗം കൂടിയാലും വേഗം കുറയാത്ത പ്രത്യേക സ്‌കീമാണ് ബിഎസ്എന്‍എലുമായി ചേര്‍ന്ന് നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എട്ടുമുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകള്‍ ഹൈടെക്ക് ആക്കുന്നതിന്റെ തുടര്‍ച്ചയായാണ് പ്രൈമറിയിലും ഐടി പശ്ചാത്തലസൗകര്യമൊരുക്കുന്നത്.
നിലവില്‍ ടെലിഫോണ്‍ കണക്ഷന്‍ ഇല്ലാത്ത സ്‌കൂളുകളില്‍ പ്രത്യേക ഫോണ്‍ കണക്ഷന്‍ ഇതിനായി ബിഎസ്എന്‍എല്‍ നല്‍കും. വിദ്യാഭ്യാസവകുപ്പ് നല്‍കുന്ന ഇന്റര്‍നെറ്റ് സൗകര്യം അക്കാദമിക്ക് പ്രവര്‍ത്തനങ്ങള്‍ക്കും സ്‌കൂളിന്റെ ഭരണപരമായ ആവശ്യങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയുണ്ടാകും. എല്ലാ പ്രൈമറി അധ്യാപകര്‍ക്കുമുള്ള ഐസിടി പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ഇതോടൊപ്പം പ്രൈമറി ക്ലാസുകളില്‍ കളിപ്പെട്ടി എന്ന പേരില്‍ ഐസിടി പാഠപുസ്തകങ്ങള്‍ സ്‌കൂളുകളിലെത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post