പത്തനംതിട്ട: പക്ഷിപ്പനി സാധ്യത കണക്കിലെടുത്ത് ആലപ്പുഴയില്‍ നിന്നും വളര്‍ത്തുപക്ഷികളെ ജില്ലയിലേക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ആര്‍. ഗിരിജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
വളര്‍ത്തുപക്ഷികളെ കൊണ്ടുവരുന്നത് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടി പഞ്ചായത്തുകള്‍ സ്വീകരിക്കും. പെരിങ്ങര പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണോയെന്ന് പരിശോധിക്കുന്നതിനായി സാമ്പിള്‍ മംഗലാപുരത്തെ ലാബില്‍ അയച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ആലപ്പുഴയില്‍ എച്ച് 5 എന്‍ 8 വൈറസാണ് പക്ഷികളില്‍ കണ്ടെത്തിയത്. ഇത് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കുറവാണെന്ന് ഡി.എം.ഒ ഡോ. സോഫിയ ബാനു പറഞ്ഞു.
രോഗം മൂലം ചാകുന്ന പക്ഷികളെ കത്തിച്ചുകളയണം. രോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ മൃഗസംരക്ഷണ വകുപ്പിനെ വിവരം അറിയിക്കണം. പക്ഷിപ്പനി സാഹചര്യം നേരിടുന്നതിന് മൃഗസംരക്ഷണം, റവന്യു, പോലീസ് ഉദ്യോഗസ്ഥര്‍, വാര്‍ഡ് അംഗം എന്നിവരടങ്ങുന്ന പ്രത്യേക ടീം രൂപീകരിക്കും. പഞ്ചായത്തുകളില്‍ ഇതു സംബന്ധിച്ച് ഇന്ന് യോഗം ചേരും. ആശ, കുടുംബശ്രീ, അങ്കണവാടി പ്രവര്‍ത്തകരുടെ സഹായത്തോടെ പക്ഷിപ്പനി സംബന്ധിച്ച് സാധ്യതാ മേഖലകളില്‍ വ്യാപക ബോധവത്ക്കരണം നടത്തും. അടിയന്തിര സാഹചര്യം നേരിടുന്നതിനായി മഞ്ഞാടിയിലെ ലാബില്‍ അധിക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
അസുഖം വന്ന വളര്‍ത്തുപക്ഷികളെ പരിചരിക്കുന്നവര്‍ ആരോഗ്യ വകുപ്പില്‍ നിന്ന് പ്രതിരോധ മരുന്ന് വാങ്ങി കഴിക്കണം. കോഴഞ്ചേരി, തിരുവല്ല ആശുപത്രികളില്‍ പ്രത്യേക വാര്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്. ജലദോഷമാണ് മനുഷ്യരിലെ രോഗ ലക്ഷണം. മുലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, പ്രമേഹ രോഗികള്‍, 60 വയസിനു മുകളിലുള്ളവര്‍ എന്നിവര്‍ക്കാണ് രോഗം പകരാന്‍ കൂടുതല്‍ സാധ്യത.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ഡെപ്യുട്ടി ഡി.എം.ഒ ഡോ.എല്‍.അനിതകുമാരി, മൃഗസംരക്ഷണം, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post