തിരുവനന്തപുരം: യോഗ, കളരി സമ്പ്രദായം ഇവയെല്ലാം ഒന്നിച്ചുവരുന്ന ലോകോത്തര നിലവാരത്തിലുള്ള ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനത്ത് സ്ഥാപിക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേശീയ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പ്, ആയുര്‍വേദ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം, ഔഷധസസ്യ ബോര്‍ഡ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ആയുര്‍വേദത്തെ കാലോചിതമായി മാറ്റിയെടുക്കേണ്ട ചുമതല നമുക്കുണ്ട്. ശരീരത്തെ ശുദ്ധീകരിച്ചുകൊണ്ടുള്ള ചികിത്സ ആയുര്‍വേദത്തിന് മാത്രം അവകാശപ്പെട്ടതാണ്. പഞ്ചകര്‍മ്മ ചികിത്സാ രീതികള്‍ ഇന്ന് ലോകോത്തരമായിരിക്കുന്നു. എന്നാല്‍ ആര്‍ക്കും ഇത് കൈകാര്യം ചെയ്യാവുന്ന അവസ്ഥയുണ്ട്. വ്യാജന്മാര്‍ നമ്മുടെയിടയില്‍ പ്രവര്‍ത്തിക്കുന്നു. അതിനെതിരെ നാം ജാഗ്രത പാലിക്കണം. കൃത്യമായി പരിശീലനം ലഭിച്ചവര്‍ മാത്രമെ ഇതില്‍ ഏര്‍പ്പെടാന്‍ പാടുള്ളൂ. അതോടൊപ്പം ഈ രംഗത്തെ കമ്പോളവത്ക്കരണവും കാണേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആയുര്‍വേദ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതുണ്ട്. ആഗോളവത്ക്കരണത്തിന്റെ ഭാഗമായ ആപത്തുകളുമുണ്ട്. ലാഭത്തില്‍ മാത്രം കണ്ണുവെച്ച് പ്രവര്‍ത്തിക്കേണ്ട മേഖലയല്ലിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ രോഗാതുരത വര്‍ധിക്കുകയാണ്. ഏറ്റവുമധികം കാണുന്നത് ജീവിതശൈലീരോഗങ്ങളും പകര്‍ച്ചവ്യാധികളുമാണ്. ഈ രംഗത്ത് ആയുര്‍വേദത്തിന് വലിയ സംഭാവന ചെയ്യാനുണ്ട്. പുതിയ തലമുറയ്ക്ക് ആയുര്‍വേദത്തെപ്പറ്റി അവബോധം ഉണ്ടാക്കണം. സ്‌കൂള്‍ തലം മുതല്‍ ആയുര്‍വേദത്തെപ്പറ്റി അവബോധമുണ്ടാക്കാനുള്ള ബാധ്യത നമുക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ അധികാരമേറ്റ് നാല് മാസത്തിനകം 41 ആയുര്‍വേദ തെറാപ്പിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ചതും ആയുഷ് വകുപ്പില്‍ 59 പേരെ നിയമിച്ചതും സര്‍ക്കാരിന്റെ ആയുര്‍വേദത്തോടുള്ള ആഭിമുഖ്യത്തിന്റെ തെളിവാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യ സര്‍വകലാശാലയുടെ കീഴില്‍ ഒന്‍പത് കോടി രൂപ ചെലവില്‍ ഒരു റിസര്‍ച്ച് സെന്റര്‍ ഒരുവര്‍ഷത്തിനകം സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, ഔഷധി ചെയര്‍മാന്‍ കെ.ആര്‍. വിശ്വംഭരന്‍, ദേശീയ ആയുഷ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ഔഷധി മാനേജിംഗ് ഡയറക്ടര്‍ കെ.പി. ഉത്തമന്‍, ആരോഗ്യ സര്‍വകലാശാല പ്രോവൈസ് ചാന്‍സിലര്‍ ഡോ. എ. നളിനാക്ഷന്‍, ആയുര്‍വേദ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. പി.കെ. അശോക്, ഡപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡോ. വിമല, ഡോ. പി.ഹരിദാസ്, ഡോ. കെ.എസ്. സുകേശ്, ഔഷധ സസ്യബോര്‍ഡ് സി.ഇ.ഒ രാധാകൃഷ്ണന്‍, എ.എം.എ.ഐ ജനറല്‍ സെക്രട്ടറി, ഡോ. രജിത് ആനന്ദ്, ഐ.എസ്.എം. ഡയറക്ടര്‍ ഡോ. അനിത ജേക്കബ് തുടങ്ങിയവര്‍ സംബന്ധിച്ചു. ആയുര്‍വേദ ചികിത്സാ രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങളായ ഡോ. കെ.പി. ശ്രീകുമാരിയമ്മ, ഡോ. എന്‍.എസ്. നാരായണന്‍ നായര്‍, ഡോ. സി.എ. രാമന്‍, ഡോ. കെ. പദ്മനാഭന്‍ പിള്ള, ഡോ. വി. ഫ്രാങ്ക്‌ളിന്‍ എന്നിവരെ മുഖ്യമന്ത്രി ചടങ്ങില്‍ ആദരിച്ചു.
Discussion about this post