കൊച്ചി: സംസ്ഥാനത്തെ വാണിജ്യ വ്യാപാര സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തി മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഗ്രേഡിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു. ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെയും ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ആക്ടിന്റെയും പരിധിയില്‍വരുന്ന സ്ഥാപനങ്ങളിലാകും പദ്ധതി നടപ്പാക്കുക.
ചെറുകിട വ്യാപാര സ്ഥാപനങ്ങളെ പദ്ധതിയുടെ ഭാഗമാക്കുമെന്നും ഇതു സംബന്ധിച്ച മാനദണ്ഡങ്ങളടങ്ങുന്ന കരട് നയത്തിന് ഉടന്‍ രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു. സ്ഥാപനങ്ങളുടെ നിലവാരമുയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെയും വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാനസൗകര്യങ്ങളുയര്‍ത്തി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിലൂടെ തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും മെച്ചപ്പെട്ട പ്രയോജനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ നിശ്ചിത കാലയളവിലേയ്ക്കാകും ഗ്രേഡിംഗ് നല്‍കുക. തുടര്‍ന്ന് നടത്തുന്ന പരിശോധനയില്‍ ആവശ്യമെന്ന് കണ്ടാല്‍ മെച്ചപ്പെടുത്തുകയോ തരംതാഴ്ത്തുകയോ ചെയ്യും. ഉയര്‍ന്ന ഗ്രേഡിംഗ് ലഭിക്കുന്ന ചെറുകിട കച്ചവടക്കാരടക്കമുള്ളവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും. ഓണ്‍ലൈന്‍ വ്യാപാരമടക്കമുള്ള പുത്തന്‍പ്രവണതകള്‍ ശക്തമാകുന്നതിനാല്‍ പരമ്പരാഗത വ്യാപാര സ്ഥാപനങ്ങളും കച്ചവടക്കാരും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. അവര്‍ക്ക് ഊര്‍ജ്ജം പകരുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. ചെറുകിട സ്ഥാപനങ്ങള്‍ക്കുപുറമേ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ഹോസ്റ്റലുകള്‍, പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്ന മറ്റു സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങളുടെ ഓഫീസുകള്‍, സ്റ്റോര്‍ മുറികള്‍, ഗോഡൗണുകള്‍, വെയര്‍ഹൗസുകള്‍, ഫാക്ടറികള്‍ തുടങ്ങിയവയുംപദ്ധതിയുടെ ഭാഗമാകും.
1960ലെ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം, 1948ലെ ഫാക്ടറീസ് നിയമം, 1923ലെ ബോയ്‌ലര്‍ നിയമം എന്നിവയില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള നിബന്ധനകള്‍ അടിസ്ഥാനമാക്കി തൊഴിലാളികള്‍ക്കുള്ള കുറഞ്ഞ കൂലി, അര്‍ഹതപ്പെട്ട അവധി ആനുകൂല്യങ്ങള്‍, ശരിയായ ജോലി സമയം, ആരോഗ്യ ശുചിത്വ പരിപാലനത്തിന് നല്‍കുന്ന പരിഗണന, ഹോസ്റ്റല്‍, ക്രഷ്, പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവ ഗ്രേഡിംഗിനുള്ള മാനദണ്ഡങ്ങളാക്കും. ഇതു സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നവംബര്‍ 19 നകം നല്‍കാന്‍ വിവിധ സംഘടനാ പ്രതിനിധികളോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് തൊഴിലാളികളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി സ്വീകരിച്ച് കരട് നയത്തിന് അന്തിമരൂപം നല്‍കുക. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ സംരംഭമായ ‘കെയ്‌സ്’ മുഖേനെ വിദഗ്ധ പരിശീലനം നല്‍കുമെന്നും ഓയില്‍ റിഫൈനറി അടക്കമുള്ള മറ്റുമേഖലകളിലും വിദഗ്ധ പരിശീലനം നല്‍കാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും തൊഴില്‍ സംബന്ധമായ പരാതികള്‍ നല്‍കാന്‍ 1800 4255 5214 എന്ന ടോള്‍ഫ്രീ കോള്‍സെന്റര്‍ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 വരെ സേവനം പ്രയോജനപ്പെടുത്താം. വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്കായി ശൗചാലയം, കുട്ടികള്‍ക്കുള്ള കളിസ്ഥലം എന്നിവ ഒരുക്കുന്നതിനു തദ്ദേശഭരണ സ്ഥാപനങ്ങള്‍ സ്ഥല സൗകര്യം ഏര്‍പ്പെടുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. നിര്‍മ്മാണ പ്രവൃത്തികള്‍ സ്വന്തം നിലയില്‍ നടത്താന്‍ വ്യാപാരികള്‍ തയ്യാറാണ്. മെച്ചപ്പെട്ട തൊഴിലന്തരീക്ഷം സൃഷ്ടിച്ച് വ്യാപാരം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ യോഗത്തില്‍ സംഘടനാ പ്രതിനിധികള്‍ സ്വാഗതം ചെയ്തു.
അഡീഷണല്‍ ചീഫ് സെക്രട്ടറി ടോംജോസ്, ലേബര്‍ കമ്മീഷണര്‍ കെ.ബിജു, ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പ് ഡയറക്ടര്‍ പി.പ്രമോദ്, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ എ. അലക്‌സാണ്ടര്‍, മറ്റു ഉന്നത ഉദ്യോഗസ്ഥര്‍, കേരള ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ്, വ്യാപാരി വ്യവാസായി ഏകോപന സമിതി, ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍, പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍, സ്വകാര്യ ആശുപത്രി സംഘടനകള്‍, വസ്ത്രവ്യാപാരശാല സംഘടന, കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍, ഫിക്കി, മറ്റു സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












