തിരുവനന്തപുരം: രാസവള, കീടനാശിനി പ്രയോഗത്തില്‍ ശാസ്ത്രീയ നിയന്ത്രണം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ഒരു സുപ്രഭാതത്തില്‍ ഒറ്റയടിക്ക് ഇവ അവസാനിപ്പിക്കാനാവില്ല. ഘട്ടംഘട്ടമായി കാര്‍ഷികമേഖലയെ കീടനാശിനി വിമുക്തമേഖലയായി മാറ്റാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ(വിഎഫ്പിസികെ) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിഷവിമുക്തമായ പച്ചക്കറികൃഷി, ജൈവകൃഷി സെമിനാറിന്റെ സമാപനസമ്മേളനം വൈഎംസിഎ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജൈവകൃഷിക്ക് സര്‍ക്കാര്‍ വ്യക്തമായ മാര്‍ഗരേഖ തയ്യാറാക്കി വരികയാണെന്ന് മന്ത്രി പറഞ്ഞു. ശാസ്ത്രീയമായ പുന:സംഘടനയിലൂടെ മാത്രമെ ജൈവകൃഷി വ്യാപിപ്പിക്കാനാവൂ. പരമ്പരാഗതമായ അറിവുകള്‍ക്കൊപ്പം ശാസ്ത്രീയമായ അറിവുകളും സമന്വയിപ്പിച്ചുള്ള സമഗ്രമായ മാറ്റമാണ് വേണ്ടത്. ജൈവകൃഷി അവലംബിക്കുമ്പോള്‍ ഉത്പാദനക്ഷമതയും ചെലവും കൂടുമെന്ന മിഥ്യാധാരണ മാറ്റിയെടുക്കണം. വിഎഫ്പിസികെയുടെ നേതൃത്വത്തില്‍ അടുത്ത കൊല്ലത്തോടെ നാടന്‍ പച്ചക്കറിവിത്തുകളുടെ ഒരു ശ്രേണി വികസിപ്പിക്കാന്‍ തയ്യാറെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു. കാര്‍ഷികോത്പാദന കമ്മീഷണര്‍ രാജു നാരായണസ്വാമി അധ്യക്ഷത വഹിച്ചു. വി.എഫ്.പി.സി.കെ സി.ഇ.ഒ എസ്.കെ സുരേഷും പങ്കെടുത്തു. പത്തുലക്ഷത്തിലധികം രൂപയുടെ ഉത്പന്നങ്ങള്‍ വിറ്റഴിച്ച കര്‍ഷകരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.
Discussion about this post