തിരുവനന്തപുരം: രാജ്യത്ത് വളര്‍ന്നുവരുന്ന സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ കണ്ണടച്ചുകൊണ്ട് ജനാധിപത്യത്തെ സംരക്ഷിക്കാനാവില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റ് മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് സാമൂഹികനീതി ഉറപ്പാക്കാന്‍ ജനാധിപത്യത്തിന് സാധിക്കണമെന്ന് ഡോ. ബി.ആര്‍ അംബേദ്കര്‍ 1950 ല്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവം ഇന്നും പ്രസക്തമാണ്. സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത സമരങ്ങള്‍ നടത്തേണ്ടത് ജനാധിപത്യ ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണ്. അറുപതു സംവത്സരങ്ങള്‍ പിന്നിട്ടിട്ടും നമ്മുടെ ജനാധിപത്യ സംവിധാനത്തിനു കോട്ടംതട്ടിയിട്ടില്ലെങ്കിലും ജനാധിപത്യം കനത്ത വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്ന വസ്തുത നാം തിരിച്ചറിയണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് രജിസ്ട്രാര്‍ ഫസില്‍ എ., ഡയറക്ടര്‍ ജനറല്‍ ഡോ. പി.ജെ. കുര്യന്‍, മുന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ജയിംസ് ജോസഫ്, നിയമസഭാ സെക്രട്ടേറിയറ്റ് മുന്‍ ജോയിന്റ് സെക്രട്ടറി കെ. പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post