തിരുവനന്തപുരം: വാളയാര്‍ ചെക്ക് പോസ്റ്റില്‍ ചരക്ക് നീക്കം തടസപ്പെടുന്നെന്നും ഗതാഗത കുരുക്ക് രൂക്ഷമാണെന്നുമുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് വാണിജ്യ നികുതി വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 21 അര്‍ദ്ധരാത്രി മുതല്‍ 30ന് അര്‍ദ്ധരാത്രിവരെ ചെക്ക്‌പോസ്റ്റിലൂടെ 12,105 വാഹനങ്ങള്‍ വിവിധ കൗണ്ടറുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കടന്നുപോയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 10,537 വാഹനങ്ങളാണ് ചെക്ക്‌പോസ്റ്റിലൂടെ കടന്നുപോയത്. ഇത് പ്രകാരം ചരക്ക് വാഹനങ്ങളുടെ നീക്കത്തില്‍ ഇരുപത് ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഒരു ചരക്ക് വാഹനം ചെക്ക്‌പോസ്റ്റ് കടന്നുപോകുന്നതിന് ഒരു മിനിട്ട് 18 സെക്കന്റ് മാത്രമാണ് എടുത്തതെന്ന് കണക്കുകളില്‍ നിന്നും വ്യക്തമാകും.
ദീപാവലി ആഘോഷവേളയില്‍ വാഹനങ്ങള്‍ കടന്നുപോകുന്നതിന് യാതൊരു തടസവും നേരിട്ടിട്ടില്ലെന്നും ഈ ദിവസങ്ങളില്‍ ഇന്‍ ചെക്ക്‌പോസ്റ്റില്‍ ഏഴ് കൗണ്ടറുകള്‍ വരെ സജ്ജീകരിച്ചിരുന്നതായും അധികൃതര്‍ അറിയിച്ചു. പൊതു കൗണ്ടറുകളില്‍ ചരക്ക് വാഹനങ്ങള്‍ കടന്നുപോകാന്‍ ദീപാവലി സമയത്ത് രണ്ട് മുതല്‍ ആറ് മിനിട്ട് വരെയോ പരമാവധി പത്ത് മിനിട്ട് വരെയോ മാത്രമാണ് എടുത്തിട്ടുള്ളത്. എന്നാല്‍ പാഴ്‌സല്‍ കൗണ്ടറുകളില്‍ ചില അവസരങ്ങളില്‍ കാലതാമസം നേരിട്ടിട്ടുണ്ട്. ഇത് മന:പൂര്‍വമല്ല. സാധാരണ ഒരു പാഴ്‌സല്‍ വണ്ടിയില്‍ നൂറ് മുതല്‍ നൂറ്റന്‍പത് വരെ കണ്‍സൈന്‍മെന്റുകള്‍ ഉണ്ടാകാം. ഇതിന്റെ എല്ലാ രേഖകളും പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് സാധാരണയില്‍ കൂടുതല്‍ സമയം ആവശ്യമായിവരും. ഇതുമൂലം പൊതു കൗണ്ടറുകളെ അപേക്ഷിച്ച് പാഴ്‌സല്‍ കൗണ്ടറുകളില്‍ തിരക്ക് കൂടുതല്‍ അനുഭവപ്പെടാറുണ്ട്. അതോടൊപ്പം ഉത്സവ വേളകളില്‍ അന്തര്‍സംസ്ഥാന വാഹന നീക്കം വര്‍ധിക്കുന്ന കാര്യവും പരിഗണിക്കേണ്ടതാണെന്നും വകുപ്പ് അറിയിച്ചു.
Discussion about this post