പത്തനംതിട്ട: ശബരിമലയില്‍ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിന് ഗുരുസ്വാമിമാരുടെ സഹായം തേടും. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗുരുസ്വാമിമാരുടെ യോഗം പുണ്യം പൂങ്കാവനം കോ ഓര്‍ഡിനേറ്റര്‍ ഡി.ഐ.ജി പി.വിജയന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടക്കും. ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയും പങ്കെടുക്കും.
ശബരിമലയിലേക്ക് പ്ലാസ്റ്റിക് കൊണ്ടുപോകരുതെന്ന സന്ദേശം യോഗത്തില്‍ ഗുരുസ്വാമിമാര്‍ക്ക് നല്‍കും. ഇരുമുടിക്കെട്ടിലും പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന് ആവശ്യപ്പെടും. വിവിധ സന്നദ്ധ സംഘടകളുടെ നേതൃത്വത്തില്‍ 12, 13 തീയതികളില്‍ ശബരിമലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. അമൃതാനന്ദമയീമഠം, സത്യസായി സേവാ കേന്ദ്രം, ആര്‍ട്ട് ഓഫ് ലിവിംഗ്, സൗഹൃദ ക്ലബ്, എന്‍.എസ്.എസ് എന്നിവരാണ് ഇതില്‍ സഹകരിക്കുക. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ സേവനം പ്രയോജനപ്പെടുത്തുന്നതിന് ജില്ലാ കളക്ടര്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്ക് കത്ത് നല്‍കും.
തിരുവല്ലയിലുള്ള സ്വകാര്യ കമ്പനി പ്ലാസ്റ്റിക് മാലിന്യം ഏറ്റെടുക്കും. കണമല, ളാഹ എന്നിവിടങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തിലും ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍, ചാലക്കയം എന്നിവിടങ്ങളില്‍ ശുചിത്വ മിഷന്റെ നേതൃത്വത്തിലും പ്ലാസ്റ്റിക് എക്‌സ്‌ചേഞ്ച് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.
ഭക്ഷണം സംബന്ധിച്ചും കടകളിലെ അമിത വില സംബന്ധിച്ചുമുള്ള പരാതികള്‍ അറിയിക്കാന്‍ 1800 4251 606 എന്ന ടോള്‍ ഫ്രീ നമ്പര്‍ പ്രവര്‍ത്തിക്കും. യോഗത്തില്‍ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ അധ്യക്ഷത വഹിച്ചു. എ.ഡി.എം അനു.എസ്.നായര്‍, ദുരന്ത നിവാരണം ഡെപ്യുട്ടി കളക്ടര്‍ ജി.ബാബു, വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
Discussion about this post