തിരുവനന്തപുരം: ഗതാഗതരംഗത്തെ ആധുനികവത്കരിക്കുന്നതിനും ഗതാഗത നയം സംബന്ധിച്ച ഉപദേശങ്ങള്‍ നല്‍കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സിന്റെ നാലാമത് യോഗം നാളെ (നവംബര്‍ എട്ട്) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
മാസ്‌കറ്റ് ഹോട്ടലില്‍ രാവിലെ 11ന് നടക്കുന്ന യോഗത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മുഖ്യാതിഥിയാവും. സംസ്ഥാന ഗതാഗതമന്ത്രി എ.കെ,ശശീന്ദ്രന്‍, ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ് ചെയര്‍മാനായ രാജസ്ഥാന്‍ ഗതാഗതമന്ത്രി യൂനുസ്ഖാന്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.
പുതിയ മോട്ടോര്‍ വാഹനനിയമത്തിന്റെ കരടില്‍ സംസ്ഥാനത്തിനുള്ള അഭിപ്രായങ്ങള്‍ യോഗത്തില്‍ അറിയിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. പരിസ്ഥിതി മലിനീകരണം ഇല്ലാത്ത ഇന്ധനങ്ങളിലേക്ക് വാഹനങ്ങള്‍ മാറുന്നതിന്റെ ഭാഗമായി എല്‍എന്‍ജി ഉപയോഗിച്ചുള്ള ബസ്സിന്റെയും ഇലക്ടിക് ഓട്ടോയുടെയും പ്രദര്‍ശനഓട്ടം യോഗത്തില്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുന്നതിലേക്കുള്ള ആദ്യ ചുവടുവെയ്പാണിതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ഗതാഗത സെക്രട്ടറിമാര്‍, കമ്മീഷണര്‍മാര്‍, മറ്റ് ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
Discussion about this post