തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോത്പന്നങ്ങള്‍ സംസ്‌കരിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി വിപണിയിലെത്തിച്ച് കാര്‍ഷിക രംഗത്ത് പുത്തനുണര്‍വ് സൃഷ്ടിക്കാന്‍ വിവിധ മേഖലകളില്‍ അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു.
കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഒരുപോലെ നേട്ടമുണ്ടാക്കാന്‍ കഴിയുന്ന വിധത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള അഗ്രോ പാര്‍ക്കുകളായിരിക്കും ആരംഭിക്കുക. സംസ്ഥാന അഗ്രികള്‍ച്ചര്‍ മാനേജ്‌മെന്റ് എക്സ്റ്റന്‍ഷന്‍ ട്രെയിനിംഗ് സെന്ററില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷികോത്പന്ന മൂല്യ വര്‍ധിത മേഖലയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാവിധ സഹായവും നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചെറുകിട ഇടത്തരം അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കുവാന്‍ പ്രത്യേക നിക്ഷേപ പദ്ധതി പ്രകാരം അഞ്ഞൂറുകോടിരൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. കിഫ്ബിയില്‍ നിന്നുള്ള ധനസഹായത്തോടെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ചാണ് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന അഗ്രോ പാര്‍ക്കുകള്‍ ആരംഭിക്കുക.
ആദ്യഘട്ടത്തില്‍ കോഴിക്കോട് ജില്ലയില്‍ നാളികേര പാര്‍ക്കും തൃശൂര്‍ ജില്ലയില്‍ വാഴപ്പഴംതേന്‍ ഉത്പന്നങ്ങള്‍ക്കുള്ള പാര്‍ക്കും ആലപ്പുഴ എറണാകുളം കേന്ദ്രീകരിച്ച് റൈസ്പാര്‍ക്കും ആരംഭിക്കും. ഇതുകൂടാതെ റബ്ബര്‍, സുഗന്ധവിളകള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള അഗ്രോ പാര്‍ക്കുകളും ഉചിതമായ സ്ഥലങ്ങളില്‍ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ വന്നതിനുശേഷം 5967 ഏക്കര്‍ തരിശുഭൂമിയില്‍ കൃഷിയിറക്കി. ആറന്മുള പദ്ധതി പ്രദേശത്തെ എഴുപത് ഏക്കര്‍ സ്ഥലത്തെ പാടശേഖരത്തില്‍ കൃഷി പുനരുജ്ജീവിപ്പിച്ചു. അവിടെ ഇനിയും 140 ഏക്കര്‍ സ്ഥലത്തുകൂടി കൃഷിയിറക്കും. പദ്ധതി പ്രദേശത്തെ നികത്തിയ തോടുകള്‍ പഴയ സ്ഥിതിയിലാക്കണമെങ്കില്‍ 80,000 ക്യുബിക് മീറ്റര്‍ മണ്ണ് എടുത്തു മാറ്റണമെന്നും അതിനുള്ള നിര്‍ദേശം ജില്ലാ കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മെത്രാന്‍ കായല്‍ പ്രദേശത്തും കൃഷി തുടങ്ങാനുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. അഗ്രോപാര്‍ക്കുകള്‍ തുടങ്ങുന്നതിനു മുന്നോടിയായുള്ള അഭിപ്രായരൂപീകരണത്തിനായി ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചു വരെ കനകക്കുന്ന് കൊട്ടാരത്തില്‍ അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിക്കും. ശില്പശാലയില്‍ ഉത്പന്ന നിര്‍മാണം, യന്ത്ര സാമഗ്രികള്‍, സാമ്പത്തിക സഹായം, വിപണന മാര്‍ഗങ്ങള്‍, പാക്കേജിംഗ്, ലൈസന്‍സിംഗ്, സര്‍ട്ടിഫിക്കേഷന്‍ തുടങ്ങി ഉത്പന്ന വിപണന ശൃംഖലയിലെ വിവിധ ഘട്ടങ്ങളെക്കുറിച്ച് സംരംഭകരെ പരിചയപ്പെടുത്തുമെന്നും യുവ കര്‍ഷകരുടെയും മുതിര്‍ന്ന കര്‍ഷകരുടെയും സംഗമം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post