വിനോദ് റായി ഫണ്ട് ട്രസ്റ്റി ആന്റ് അഡൈ്വസറി കമ്മീഷന്‍ അധ്യക്ഷന്‍
തിരുവനന്തപുരം: ഇന്ത്യയുടെ മുന്‍ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയെ കിഫ്ബി ഫണ്ട് ട്രസ്റ്റി ആന്റ് അഡൈ്വസറി കമ്മീഷന്‍ (FTAC) അധ്യക്ഷനായി തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പുനഃസംഘടിപ്പിക്കപ്പെട്ട കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഡെവലപ്‌മെന്റ് ഫണ്ട് ബോര്‍ഡ്) ആദ്യ യോഗത്തിലാണ് തീരുമാനം.
4004.86 കോടി രൂപ അടങ്കലുള്ള 48 പദ്ധതികള്‍ക്ക് ബോര്‍ഡ് അംഗീകാരം നല്‍കി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഉഷാ തൊറാട്ട്, നബാര്‍ഡ് മുന്‍ ചെയര്‍മാന്‍ പ്രകാശ് ബക്ഷി എന്നിവരാണ് രണ്ടുവര്‍ഷം കാലാവധിയുള്ള ഫണ്ട് ട്രസ്റ്റി ആന്റ് അഡൈ്വസറി കമ്മീഷന്‍ അംഗങ്ങള്‍. അഴിമതി, സ്വഭാവദൂഷ്യം എന്നിവയില്‍ ശിക്ഷിക്കപ്പെട്ടാല്‍ അല്ലാതെ ബോര്‍ഡിനോ സര്‍ക്കാരിനോ ഇവരെ നീക്കം ചെയ്യാനാകില്ല. കിഫ്ബിയുടെ ഫണ്ട് ശരിയായി വിനിയോഗിക്കുന്നെന്ന് ഉറപ്പാക്കാനും നിക്ഷേപക താത്പര്യം സംരക്ഷിക്കാനുമുള്ള സ്വതന്ത്ര ഫണ്ട് ട്രസ്റ്റി അഡൈ്വസറി കമ്മീഷനാണിത്.
ബോര്‍ഡ് അംഗീകാരം നല്‍കിയ പദ്ധതികള്‍ക്കായി 1740.63 കോടി രൂപ ആദ്യഗഡു നല്‍കും. ആദ്യഘട്ട പദ്ധതികള്‍ക്കായി ജനറല്‍ ഒബ്‌ളിഗേഷന്‍ ബോണ്ട് വഴി 2000 കോടി രൂപ സമാഹരിക്കും. ഇതിനായി എസ്.ബി.ഐ കാപ്‌സിനെ (SBICAPS) ചുമതലപ്പെടുത്തും. ത്ുടര്‍ന്നുള്ള പദ്ധതികള്‍ക്ക് നബാര്‍ഡ് വഴി 4000 കോടി രൂപ സമാഹരിക്കും. സെബി, റിസര്‍വ് ബാങ്ക് എന്നിവയുടെ അംഗീകാരമുള്ള നൂതന ധനസമാഹരണ സംവിധാനങ്ങളായ ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ് ഫണ്ട്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെറ്റ് ഫണ്ട്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് എന്നിവ രൂപീകരിക്കും. കെ.എസ്.എഫ്.ഇയുമായി സഹകരിച്ച് ധനസമാഹരണത്തിന് എന്‍.ആര്‍.ഐ ചിട്ടി ആരംഭിക്കുക, ഭൂമി ഏറ്റെടുക്കലിനായി ലാന്റ് ബോണ്ടുകള്‍ പുറപ്പെടുവിക്കുക എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ അടുത്ത ബോര്‍ഡ് യോഗത്തില്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.
മുന്‍ധനകാര്യ സെക്രട്ടറി ഡോ: ഡി. ബാബുപോള്‍, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി സാമ്പത്തികശാസ്ത്ര ധനകാര്യ വിഭാഗം പ്രൊഫസര്‍ സി.പി. ചന്ദ്രശേഖര്‍, കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സാമ്പത്തിക ധനകാര്യവിഭാഗം പ്രൊഫസര്‍ സുശീല്‍ ഖന്ന, റിസര്‍വ് ബാങ്ക് മുന്‍ റീജണല്‍ ഡയറക്ടര്‍ സലിം ഗംഗാധരന്‍, സെബി മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ജെ.എന്‍. ഗുപ്ത, രാധാകൃഷ്ണന്‍ നായര്‍, 14ാം കേന്ദ്ര ധനകാര്യ കമ്മീഷനംഗവും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്‌ളിക് ഫൈനാന്‍സ് ആന്റ് പോളിസി എമിരറ്റസ് പ്രൊഫസറും മുന്‍ എ.ഡി.ബി ഡയറക്ടറുമായ സുദീപ്‌തോ മണ്ഡല്‍ എന്നീ സ്വതന്ത്രാംഗങ്ങളും പങ്കെടുത്തു. ഉപാധ്യക്ഷന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, അംഗങ്ങളായ പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മെമ്പര്‍ സെക്രട്ടറിയുമായ ധനകാര്യ അഡീ. ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം നിയമവകുപ്പ് സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, ധനകാര്യ റിസോഴ്‌സസ് സെക്രട്ടറി മിന്‍ഹാജ് ആലം, എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Discussion about this post