* രാജ്യത്തെ ആദ്യ എല്‍.എന്‍.ജി ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു
തിരുവനന്തപുരം: അഞ്ചുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി. യുടെ എല്ലാ ബസുകളിലും ഇന്ധനം പൂര്‍ണമായും സി.എന്‍.ജി. ആക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗതാഗതരംഗത്തെ ആധുനികവത്കരിക്കുന്നതിനും രാജ്യത്തിന്റെ ഗതാഗത നയ രൂപീകരണത്തിനുമായി രൂപംകൊണ്ട ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സിന്റെ നാലാമതു യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന ചടങ്ങിനുശേഷം രാജ്യത്തെ ആദ്യ എല്‍എന്‍ജി ബസ് അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു.
പരിസ്ഥിതിക്ക് യാതൊരുതരത്തിലുമുള്ള കോട്ടം വരാതിരിക്കാന്‍ വികസനപ്രക്രിയകളില്‍ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ കേരളം എന്നും മുന്നിലാണ്. ഇന്ധന ഉപയോഗക്കാര്യത്തില്‍ കൂടുതല്‍ സുരക്ഷിതത്വമുള്ള സങ്കേതങ്ങള്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാനത്തിന് പ്രത്യേക താത്പര്യമുണ്ട്. പെട്രോനെറ്റുമായി സഹകരിച്ച് ദ്രവീകൃത പ്രകൃതി വാതകം ഉപയോഗിച്ചുകൊണ്ടുള്ള ആദ്യ വാഹനം കേരളത്തിലെത്തിച്ചതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടൊപ്പം ഇലക്ട്രിക് കാറുകളും ഇലക്ട്രിക് ഓട്ടോറിക്ഷകളും ബസുകളും സംസ്ഥാനത്ത് കൂടുതലായി ഉപയോഗിക്കുന്നതിന് എല്ലാ പ്രോത്സാഹന പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യമായി റോഡ് സുരക്ഷാ അതോറിറ്റി രൂപീകരിച്ചത് കേരളമാണ്. നൂതനമായ നിരവധി പദ്ധതികളുമായാണ് മോട്ടോര്‍ വാഹന വകുപ്പും ഗതാഗത വകുപ്പും റോഡ് സുരക്ഷാ അതോറിറ്റിയും മുന്നോട്ടുപോകുന്നത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ട്രാഫിക് ബോധവത്കരണം, നിര്‍വഹണം, എഞ്ചിനീയറിങ്, അത്യാഹിത വൈദ്യ സഹായം തുടങ്ങി എല്ലാ മേഖലകളിലും വകുപ്പുകള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ഗതാഗത മേഖലയില്‍ വന്‍ മാറ്റങ്ങളുദ്ദേശിച്ച് മോട്ടോര്‍ വാഹന അമെന്‍മെന്റ് ബില്‍ (2016) കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായി മനസിലാക്കുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ ആശങ്കകള്‍ ഇതിനകം അറിയിച്ചിട്ടുണ്ട്. അര്‍ഥപൂര്‍ണമായ ചര്‍ച്ചകള്‍ക്ക് ശേഷമേ അന്തിമ തീരുമാനത്തിലെത്തൂവെന്നാണ് പ്രതീക്ഷ. ഭാവി തലമുറയുടെ ആരോഗ്യം ശുദ്ധമായ അന്തരീക്ഷത്തെ ആശ്രയിച്ചിരിക്കുന്നതിനാല്‍ പൊതു ഗതാഗത സംവിധാനത്തിന് ഇക്കാര്യത്തില്‍ പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതുതായി 3000 എല്‍.എന്‍.ജിസി.എന്‍.ജി ബസുകള്‍ വാങ്ങാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം മാതൃകാപരമാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ പരിസ്ഥിതി ഇപ്പോള്‍ ഡല്‍ഹിയിലേതുപോലെ മലിനമാകാതിരിക്കാന്‍ പ്രകൃതിവാതകത്തിലേക്കുള്ള മാറ്റം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍, ഗ്രൂപ്പ് ഓഫ് മിനിസ്‌റ്റേഴ്‌സ് ചെയര്‍മാനും രാജസ്ഥാന്‍ ഗതാഗതമന്ത്രിയുമായ യൂനുസ് ഖാന്‍, പെട്രോനെറ്റ് എല്‍എന്‍ജി എംഡി പ്രഭാത് സിംഗ്, കേന്ദ്ര പെട്രോളിയം സെക്രട്ടറി കെ.ഡി. ത്രിപാഠി, കേന്ദ്ര ഗതാഗത ജോയിന്റ് സെക്രട്ടറി അഭയ് ധാംലെ തുടങ്ങിയവര്‍ സംബന്ധിച്ചു. എല്‍.എന്‍.ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സര്‍വീസ് ബസ്, മിനി ബസുകള്‍, സൗരോര്‍ജ ഓട്ടോറിക്ഷ എന്നിവയുടെ ഫ്‌ളാഗ് ഓഫ് ആണ് ചടങ്ങിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, രാജസ്ഥാന്‍ ഗതാഗതമന്ത്രി യൂനുസ് ഖാന്‍, സംസ്ഥാന ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചത്.
Discussion about this post