തിരുവനന്തപുരം: നവകേരള മിഷന്‍ പദ്ധതികളില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള മിഷന്‍ ഏകദിന സെമിനാറിന്റെ പ്‌ളീനറി സമ്മേളനത്തില്‍ സമാപന പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അര്‍ഹതയുള്ളവര്‍ മാത്രമേ ഗുണഭോക്താക്കളാകാന്‍ പാടുള്ളൂ. പാര്‍പ്പിട നിര്‍മാണത്തില്‍ നിലവാരം ഉറപ്പുവരുത്താന്‍ മികവുറ്റ സാങ്കേതികസംഘത്തിന്റെ പരിശോധന ഉറപ്പാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സെക്രട്ടറിമാരും ബ്‌ളോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാരും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. മിഷന്‍ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പു വരുത്താനുള്ള ക്രമീകരണങ്ങള്‍ സ്ഥാപനങ്ങള്‍ നടത്തണം. നവകേരള മിഷന്‍ സംസ്ഥാനതല തുടക്കത്തോടനുബന്ധിച്ച് എല്ലാവരും ഏതെങ്കിലുമൊരു പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണം. ഓരോ പഞ്ചായത്തിലും ഏതെങ്കിലുമൊരു പ്രവര്‍ത്തനം നടന്നിരിക്കണം. ജനപ്രതിനിധികള്‍ അതില്‍ പങ്കാളികളാകണം. പ്രദേശത്തെ കലാ,കായിക പ്രതിഭകള്‍, വ്യത്യസ്ത മതമേധാവികള്‍ എന്നിവരെ ഇതില്‍ അണിനിരത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
നവകേരളം പദ്ധതികള്‍ നടപ്പാക്കിക്കഴിയുമ്പോള്‍ ഒരു പുതിയ കേരളം സൃഷ്ടിക്കാന്‍ കഴിയുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തം പൂര്‍ണമായി വിനിയോഗിക്കാന്‍ കഴിയണം. ഗുണഭോക്താക്കളില്‍ അനര്‍ഹര്‍ കടന്നുകൂടാതിരിക്കാന്‍ എല്ലാ തരത്തിലുള്ള പരിശോധനകളും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
വരുംവര്‍ഷങ്ങളില്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റിമറിക്കാന്‍ കരുത്തുള്ളവയാണ് ഈ മിഷനുകളെന്ന് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ.രാമചന്ദ്രന്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, വെള്ളം, ആരോഗ്യം എന്നിവ ഉള്‍പ്പെടുന്ന ഭവനസമുച്ചയങ്ങളിലേക്ക് മാറുകയെന്ന നയത്തില്‍ സംസ്ഥാനം ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. ഈ മിഷനുകളിലൂടെ ആധുനിക വികസിത കേരളമെന്ന ലക്ഷ്യം നിറവേറ്റാന്‍ എല്ലാ സഹായവും ആസൂത്രണ ബോര്‍ഡ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അഡീഷണല്‍ ചീഫ്‌സെക്രട്ടറി നളിനി നെറ്റോ സമ്മേളനത്തില്‍ നന്ദി പറഞ്ഞു.
Discussion about this post