കോട്ടയം: കേരളത്തിന്റെ ഒരു തുണ്ടു കൃഷിഭൂമിപോലും കൃഷി ആവശ്യത്തിനല്ലാതെ വിട്ടു കൊടുക്കില്ല എന്ന പ്രഖ്യാപനമാണ് എട്ട് വര്‍ഷമായി തരിശു കിടന്നിരുന്ന മെത്രാന്‍ കായല്‍ പാടശേഖരത്തെ നെല്‍കൃഷി പുനരാരംഭിച്ചതിലൂടെ സര്‍ക്കാര്‍ നടത്തിയതെന്ന് കാര്‍ഷിക വികസനകര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. മെത്രാന്‍ കായലില്‍ നെല്‍കൃഷി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഇന്നലെ നടന്ന വിത്ത് വിത ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെല്‍വയലുകള്‍ നികത്താതെയുളള വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പ്രകൃതിയെ നശിപ്പിക്കുന്ന പ്രവര്‍ത്തനത്തിനെതിരെയുളള ശ്രമത്തിന്റെ ഭാഗമായാണ് മെത്രാന്‍ കായലില്‍ നെല്‍കൃഷി പുനരാരംഭിച്ചിട്ടുളളതെന്ന് അദ്ദേഹം പറഞ്ഞു. 404 ഏക്കര്‍ വിസ്താരമുളള മെത്രാന്‍ കായലില്‍ ഇപ്പോള്‍ നെല്‍കൃഷി ആരംഭിച്ചിട്ടുളളത് 25 ഏക്കറിലാണ്. ബാക്കി സ്ഥലം കര്‍ഷകരില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം വാങ്ങി കൈവശം വച്ചുകൊണ്ടിരിക്കുന്ന കമ്പിനിയെ നെല്‍കൃഷി അല്ലാതെ മറ്റൊരു പ്രവര്‍ത്തനവും നടത്താന്‍ സമ്മതിക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തിനകം കമ്പിനിക്ക് വിത്ത് വിതയ്ക്കുന്നതിനുളള സൗകര്യം ചെയ്തു കൊടുക്കാന്‍ കൃഷി വകുപ്പ് സന്നദ്ധമാണ്. കമ്പിനി നെല്‍കൃഷി ആരംഭിക്കാത്ത സാഹചര്യത്തില്‍ അവിടെ വിത്ത് വിതച്ച് കൊയ്‌തെടുക്കുന്നതിന് കര്‍ഷകര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും അനുവാദം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ലാന്‍ഡ് സീലിംങ് ആക്ടിന് വിപരീതമായി മെത്രാന്‍ കായല്‍ കൃഷി ഭൂമി കൈവശം വച്ചു കൊണ്ടിരിക്കുന്ന കമ്പിനിക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അഞ്ച് വര്‍ഷത്തിനകം ഒരു ലക്ഷം ഹെക്ടര്‍ പ്രദേശത്ത് കൃഷി വ്യാപകമാക്കുന്നതിനുളള നീക്കത്തിലാണ് സര്‍ക്കാര്‍. നീര്‍ച്ചാലുകള്‍, നീരുറവകള്‍, തോടുകള്‍, കുളങ്ങള്‍ ഉള്‍പ്പടെയുളള ജലസ്രോതസ്സുകളെ പൂര്‍വ്വ സ്ഥിതിയിലാക്കി ശുദ്ധമായ ജലം ഉറപ്പു വരുത്തി ജലക്ഷാമത്തിന് പരിപാഹാരം കാണും. നെല്‍പ്പാടങ്ങള്‍ നികത്താതെയുളള വികസനവുമായി മുന്നോട്ട് പോകുന്ന സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം ആലപ്പുഴ ജില്ലയിലെ ആര്‍ ബ്ലോക്ക് പാടശേഖരത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുളളതാണെന്ന് അദ്ദേഹം പറഞ്ഞു. മെത്രാന്‍ കായല്‍ പാടശേഖരത്ത് നെല്‍കൃഷി പുനരാരംഭിക്കുന്നതിന് കര്‍ഷകരെ സംഘടിപ്പിച്ച കുഴിയില്‍ കരുണാകരന്‍ എന്ന കര്‍ഷകനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.
പാടശേഖരത്തിന് സമീപം ചേര്‍ന്ന ചടങ്ങില്‍ കെ. സുരേഷ് കുറുപ്പ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമി പദ്ധതി വിശദികരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോന്‍, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ സി.എ ലത സ്വാഗതവും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുമ ഫിലിപ്പ് നന്ദിയും പറഞ്ഞു.
Discussion about this post