തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയെ അനാവശ്യവിവാദമുണ്ടാക്കി തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നല്ലതല്ലെന്ന് സഹകരണവകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അഭിപ്രായപ്പെട്ടു. 63ാം അഖിലേന്ത്യാ സഹകരണ വാരാഘോഷം ടാഗോര്‍ തിയറ്ററില്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പണം കണ്ടെത്തി ആ തുക രാജ്യവികസനത്തിനായി ഉപയോഗിക്കണമെന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. കേരളത്തിന്റെ സഹകരണ മേഖലയുടെ പ്രത്യേകത മനസിലാക്കി യാഥാര്‍ഥ്യബോധത്തോടെയുള്ള നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ യോജിച്ച് മറികടക്കാനുള്ള ശ്രമങ്ങളുണ്ടാകും. നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ ഗ്രാമീണജനതയാണ് കൂടുതല്‍ പ്രശ്‌നം അനുഭവിക്കുന്നത്. ഇതിന് പരിഹാരം കാണാനാകണം. സഹകരണമേഖലയില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ് ഉപയോഗിക്കുന്നത്. പ്രൈമറി ബാങ്കുകള്‍ കേന്ദ്രത്തിന്‍െയും റിസര്‍വ് ബാങ്കിന്റെയും നയങ്ങളുടെയും ഭാഗമായി രാജ്യത്തെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന വിധം ഇടപെടാന്‍ കഴിയാത്ത സാഹചര്യമുണ്ട്. സര്‍ക്കാര്‍ ഇക്കാര്യം കേന്ദ്ര ധനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
നാടിന്റെ ഭാവി വികസനത്തിന് സഹകരണ പ്രസ്ഥാനത്തിന്റെ സാധ്യത മനസിലാക്കി അതു ജനങ്ങളിലേക്കെത്തിക്കാനുള്ള ഫലപ്രദമായ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക അഭിവൃദ്ധിക്ക് സഹകരണപ്രസ്ഥാനത്തെ മാറ്റിനിര്‍ത്തി ആലോചിക്കാന്‍ ആര്‍ക്കും കഴിയില്ല. സാമ്പത്തിക വിനിമയസ്ഥാപനം എന്ന നിലയ്ക്കല്ല, കേരളത്തിന്റെ സമ്പദ്ഘടനയില്‍ നിര്‍ണായകമായി ഇടപെടുന്ന സംരംഭം എന്ന നിലയ്ക്കാണ് ഇവയെ വിലയിരുത്തേണ്ടത്. ലോകത്തിന് മാതൃകയാണ് സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനം. ഗ്രാമീണ, കാര്‍ഷിക മേഖലയെ സഹായിക്കാന്‍ തുടങ്ങി ഇന്ന് ഏതു മേഖലയെയും ഏറ്റെടുക്കാന്‍ ശേഷിയുള്ള പ്രസ്ഥാനമായി സഹകരണമേഖല വളര്‍ന്നിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥിസംഘം മുതല്‍, ഐ.ടി വ്യവസായം വരെയുള്ള കേരളത്തിലെ ഏറ്റെടുക്കാന്‍ കഴിവുള്ള, ലക്ഷങ്ങള്‍ക്ക് തൊഴില്‍ നല്‍കാനും കഴിവുള്ള വിപുലമായ സംവിധാനം സഹകരണപ്രസ്ഥാനംപോലെ വേറൊന്നുമില്ല.
പുതിയ കാലത്ത് നേരിടുന്ന വെല്ലുവിളികളെ നിയമം അനുസരിച്ചുകൊണ്ടുതന്നെ നേരിടാനും അതിജീവിക്കാനും ശ്രമിക്കുന്നുണ്ട്. മുമ്പും പ്രതിസന്ധികള്‍ നേരിട്ട് വിജയകരമായി മുന്നോട്ടുപോകാന്‍ സഹകരണമേഖലയ്ക്കായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വൈദ്യുതിദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇത്രയും വ്യാപകമായി ജനകീയ അടിത്തറയുള്ള സഹകരണപ്രസ്ഥാനം മറ്റൊരിടത്തും കാണാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. നോട്ടുമാറ്റിനല്‍കാനുള്ള അവകാശം സഹകരണമേഖലക്ക് നല്‍കാതിരുന്നതിന് പിന്നില്‍ ഈ മേഖലയെ ശിഥിലമാക്കാനുള്ള ശ്രമമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സഹകാരികളായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ യോജിച്ച് സഹകരണമേഖലയെ സംരക്ഷിക്കാനുള്ള നടപടികള്‍ മുന്‍കാലങ്ങളില്‍ സ്വീകരിച്ചുപോന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സംസ്ഥാന സഹകരണ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ എം.എല്‍.എമാരായ ഒ. രാജഗോപാല്‍, വി.എസ്. ശിവകുമാര്‍, വി. ജോയ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് വി.കുര്യന്‍ ജോയ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ഇ. ഷംസുദ്ദീന്‍, ജോയന്റ് രജിസ്ട്രാര്‍ (ജനറല്‍) കെ. സജ്ജാദ് തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ മത്‌സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. തുടര്‍ന്ന് നടന്ന സഹകരണ സെമിനാര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. നവംബര്‍ 20 വരെയാണ് വാരാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
Discussion about this post