തിരുവനന്തപുരം: കര്‍ഷകരും തൊഴിലാളികളുമാണ് രാജ്യത്തിന്റെ നട്ടെല്ലെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. വെള്ളായണി കാര്‍ഷിക കോളേജ് വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകരില്ലാത്ത രാജ്യത്ത് വികസനം അസാധ്യമാണ്. ജനങ്ങള്‍ക്ക് കൃഷിയിലുള്ള താത്പര്യം നിലനിര്‍ത്തുന്നതിലും അവര്‍ക്കിടയില്‍ ഹരിതാവബോധം വളര്‍ത്തുന്നതിലും കാര്‍ഷിക സര്‍വകലാശാലയ്ക്ക് വലിയ സ്ഥാനമുണ്ട്. കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വു നല്‍കുന്ന ധാരാളം കണ്ടുപിടുത്തങ്ങള്‍ നടത്തിയ അനേകം പ്രതിഭാധനരെ രാജ്യത്തിനു സമ്മാനിച്ച മഹദ് സ്ഥാപനമാണ് ഈ സര്‍വകലാശാല. ഇവിടെ നടക്കുന്ന വിലപ്പെട്ട പഠനങ്ങള്‍ കേരളത്തിന്റെ കാര്‍ഷികാഭിവൃദ്ധിക്ക് കാരണമാകട്ടെയെന്നും കാര്‍ഷികോത്പന്നങ്ങളെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി വിപണിയിലെത്തിച്ച് കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭം ഉണ്ടാക്കിക്കൊടുക്കാനുള്ള പദ്ധതികള്‍കൂടി കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണ പരിപാടികളില്‍ ഉണ്ടാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു. എല്ലാ യുവാക്കളും ഗ്രീന്‍ ആര്‍മിയില്‍ പങ്കാളികളായി കേരളത്തെ ഹരിതാഭമാക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കേരള സര്‍ക്കാരിന്റെ നവകേരള മിഷനിലെ പ്രധാന പദ്ധതികളിലൊന്നായ ഹരിതകേരളം ഡിസംബറില്‍ ആരംഭിക്കുകയാണെന്നും കേരളത്തിന്റെ മണ്ണും ജലവും വായുവും സംരക്ഷിക്കാനുള്ള ഈ പരിപാടിയില്‍ ഗവേഷകരും ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളുമെല്ലാം പൗരന്‍ എന്ന നിലയില്‍ ഔപചാരികതകളില്ലാതെ പങ്കാളികളാവണമെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കാര്‍ഷിക മേഖലയുടെ ആവശ്യകതയില്‍ ഊന്നിയുള്ളതും കൃഷിക്കാരിലേക്ക് കൂടുതല്‍ ഇഴുകിച്ചേരുന്നതുമായ ഗവേഷണങ്ങളാണ് ഉണ്ടാവേണ്ടത്. കാര്‍ഷിക സര്‍വകലാശാലയും കൃഷി വകുപ്പും കേരളത്തിന്റെ കാര്‍ഷികാഭിവൃദ്ധിക്കുവേണ്ടി ഒരു മനസ്സോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കാര്‍ഷിക കോളേജിന്റെ ഡയമണ്ട് ജൂബിലി ഗേറ്റ് വേയുടെ ഉദ്ഘാടനവും ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ശിലാസ്ഥാപനവും ഗവര്‍ണര്‍ നിര്‍വഹിച്ചു. വജ്രജൂബിലി സുവനീര്‍ കൃഷി മന്ത്രി പ്രകാശനം ചെയ്തു.
കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍, കാര്‍ഷിക കോളേജ് പൂര്‍വവിദ്യാര്‍ത്ഥി സംഘടന സെക്രട്ടറി ഡോ. കെ.എം. അബ്ദുള്‍ഖാദര്‍, കാര്‍ഷിക കോളേജ് ഡീന്‍ ഡോ. ബി.ആര്‍ രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post