തിരുവനന്തപുരം: എക്‌സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്ത അബ്കാരി, എന്‍ഡിപിഎസ്, കോപ്റ്റ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പത്ര സമ്മേളനത്തില്‍ പറഞ്ഞു. വിമുക്തി ലഹരി നിര്‍മാര്‍ജന മിഷന്‍ സംസ്ഥാനതല ഉദ്ഘാടനത്തെക്കുറിച്ചു മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒക്ടോബര്‍ 31 വരെ 12046 അബ്കാരി കേസുകളും 1359 എന്‍ഡിപിഎസ് കേസുകളും 25948 കോപ്റ്റ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ വര്‍ഷത്തില്‍ ഇത് യഥാക്രമം 7166, 663, 3387 എന്നിങ്ങനെയായിരുന്നു. ലൈസന്‍സ് സ്ഥാപനങ്ങളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു. അനധികൃത മദ്യവില്‍പനയ്‌ക്കെതിരെയും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 150 ദിവസത്തിനുള്ളില്‍ മൂവായിരം ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. മദ്യ നിരോധനത്തിനു ശേഷം ലഹരി മരുന്നിന്റെ ഉപയോഗം 105 ശതമാനം ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളുകളുടെയും കോളേജുകളുടെയും സമീപത്തുള്ള പെട്ടിക്കടകളില്‍ പരിശോധന നടത്തി ഒരു ലക്ഷം കിലോ പാന്‍പരാഗ്, 453 കിലോ കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. 2,000 കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു. 54,000 രൂപ പിഴ ഈടാക്കി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള 20,000 ലിറ്റര്‍ അനധികൃത വിദേശ മദ്യവും 14,000 ലിറ്റര്‍ അരിഷ്ടവും 7,000 ലിറ്റര്‍ കള്ളും 11,000 ലിറ്റര്‍ വാഷും ചെക്ക് പോസ്റ്റുകളില്‍ നിന്ന് ലഹരി വസ്തുക്കള്‍ കടത്താനുപയോഗിച്ച 612 വാഹനങ്ങളും പിടിച്ചെടുത്തു. വ്യാജമദ്യത്തിന്‍ന്റെയും മയക്കു മരുന്നിന്റെയും വ്യാപനം തടയുന്നതിന് പാലക്കാട്, മുത്തങ്ങ, ആര്യങ്കാവ്, വാളയാര്‍ എന്നിവിടങ്ങളില്‍ സ്‌കാനര്‍ സ്ഥാപിക്കും. മുംബൈ പോര്‍ട്ട് ട്രസ്റ്റുമായി സഹകരിച്ചാണ് സ്‌കാനര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നത്.
ട്രെയിനുകള്‍ വഴി മയക്കുമരുന്ന് കടത്തല്‍ തടയുന്നതിന് ഡോഗ് സ്‌ക്വാഡിന്റെ സേവനം ഉപയോഗപ്പെടുത്തും. ലഹരി വസ്തുക്കളുടെ വ്യാപനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കു വിവരം നല്‍കാന്‍ 850 പരാതിപ്പെട്ടികള്‍ സ്ഥാപിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ എക്‌സൈസ് കമ്മീഷണറുമായി ബന്ധപ്പെടുന്നതിന് 9061178000 എന്ന നമ്പറില്‍ വാട്‌സാ ആപ്പ് ലൈന്‍ ലഭ്യമാക്കുകയും ചെയ്തു. ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന വിമുക്തി ലഹരി നിര്‍മാര്‍ജന മിഷന്‍ സംസ്ഥാനത്തെ എല്ലാ വിഭാഗം ആളുകളുടെയും സഹകരണത്തോടെ നടപ്പാക്കുമെന്നും എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 20ന് വൈകിട്ട് 5.30 ന് കേരള യൂണിവേഴ്‌സിറ്റി സെനറ്റ്ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
Discussion about this post