തിരുവനന്തപുരം: എം.എം. മണിയെ ഉള്‍പ്പെടുത്തി സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ തീരുമാനമായി. മന്ത്രിസഭയിലെത്തുന്ന എം.എം. മണിക്കു വൈദ്യുതി വകുപ്പിന്റെ ചുമതലയാണു നല്‍കുക. ഇ.പി. ജയരാജന്‍ രാജിവച്ച ഒഴിവിലാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോലയില്‍ നിന്നുള്ള എംഎല്‍എയുമായ എം.എം. മണി മന്ത്രിസഭയിലെത്തുന്നത്. ഇതോടൊപ്പം രണ്ടു മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്താനും സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ ധാരണയായി. ഇ.പി. ജയരാജന്‍ വഹിച്ചിരുന്ന വ്യവസായം, കായികം, യുവജനക്ഷേമം വകുപ്പുകളുടെ ചുമതല എ.സി. മൊയ്തീനു നല്‍കും.
മൊയ്തീന്‍ വഹിച്ചിരുന്ന സഹകരണം, ടൂറിസം വകുപ്പുകള്‍ കടകംപള്ളി സുരേന്ദ്രനു ലഭിക്കും. കടകംപള്ളി വിഹിച്ചിരുന്ന വൈദ്യുതി വകുപ്പ് എം.എ. മണിക്കു കൈമാറാനാണു സിപിഎം സംസ്ഥാന സമിതിയിലുണ്ടായ ധാരണ. നിലവിലുള്ള ദേവസ്വം വകുപ്പിന്റെ ചുമതലയില്‍ കടകംപള്ളി സുരേന്ദ്രന്‍ തുടരും.
സിപിഎമ്മിന്റെ 12 മന്ത്രിസഭാംഗങ്ങളിലെ ഒരൊഴിവിലേക്കു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം.എം. മണിയുടെ പേരു ശുപാര്‍ശ ചെയ്തതു സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നുവെന്നു പാര്‍ട്ടി തീരുമാനങ്ങള്‍ വിശദീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടു വകുപ്പുകളുടെ പുനഃക്രമീകരണം വേണമെന്നും സമിതി നിര്‍ദേശിച്ചു. വകുപ്പുകള്‍ ആര്‍ക്കൊക്കെ നല്‍കണമെന്നു മുഖ്യമന്ത്രിയാണു തീരുമാനിക്കേണ്ടത്.
സത്യപ്രതിജ്ഞാ തീയതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
Discussion about this post