തിരുവനന്തപുരം: ലഹരി മാഫിയക്കെതിരെ നാടും ജനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ മദ്യംമയക്കുമരുന്ന് ദുരുപയോഗം തടയാന്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ‘വിമുക്തി’ ലഹരി വര്‍ജന മിഷന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി മാഫിയകള്‍ ലക്ഷ്യമിടുന്നത് പ്രധാനമായും കുട്ടികളെയാണ്. ഭാവി വാഗ്ദാനങ്ങളെ നശിപ്പിക്കലാണ് അവരുടെ ലക്ഷ്യം. നമ്മുടെ സംസ്ഥാനത്തിലെ നല്ല പ്രതികരണശേഷിയുള്ള അവസ്ഥ ഇല്ലാതാക്കാന്‍ യുവതലമുറയെ ചെറുപ്രായത്തില്‍തന്നെ പിടികൂടാനായി വലിയതോതില്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട ദുശ്ശീലങ്ങള്‍ പുതിയ തലമുറയ്ക്കിടയില്‍ കൂടിയിട്ടുണ്ട്. പലതരത്തിലാണ് ലഹരി വസ്തുക്കള്‍ ലഭിക്കുന്നത്. കുട്ടികളെ പെട്ടെന്ന് ആകര്‍ഷിക്കുന്ന വിധത്തിലാണ് അവ ലഭ്യമാക്കുന്നത്. ലഹരിക്കടിമപ്പെട്ടാലുള്ള ഉന്‍മാദാവസ്ഥയില്‍ ചെയ്യുന്നതെന്തെന്ന് പലപ്പോഴും അവര്‍ പോലുമറിയില്ല. ഇതിന്റെ മൂര്‍ദ്ധന്യാവസ്ഥയാണ് മയക്കുമരുന്ന്. സ്‌നേഹം കൊടുക്കേണ്ട മാതാപിതാക്കള്‍ ശ്രദ്ധിക്കാതെ വരുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന മാനസികപ്രശ്‌നങ്ങള്‍ തിരിച്ചറിയണം. എപ്പോഴും കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനുള്ള കണ്ണ് വേണം.
അധ്യാപകരും രക്ഷകര്‍ത്താക്കളും സ്‌കൂളുകളിലും ഈ ജാഗ്രത പുലര്‍ത്തണം. പണ്ടുകാലത്ത് ആരെങ്കിലും ലഹരി ഉപയോഗിച്ച് വീട്ടിലെത്തിയാല്‍ അവര്‍ പിന്നീടത് ഉപയോഗിക്കാതിരിക്കാന്‍ കുടുംബാംഗങ്ങളുടെ സമ്മര്‍ദ്ദമുണ്ടാകും. അത്തരം ഇടപെടലുകള്‍ ഗുണം ചെയ്യാറുമുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി ലഹരി കൂടി ഉള്‍പ്പെടുന്ന സ്ഥിതിയാണ് ഇന്ന് പലയിടത്തും. ലഹരി നിയമവിധേയമായും നിയമവിരുദ്ധമായും ലഭ്യമാകുന്നുണ്ട്. രണ്ടായാലും ആപത്താണെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എല്ലാ ജില്ലകളിലും ‘വിമുക്തി’യുടെ ഭാഗമായി ഡീഅഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തൊഴില്‍എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു. നിലവിലുള്ള കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യും. ലഹരി വിമുക്ത പ്രവര്‍ത്തനങ്ങളില്‍ നടത്തിവരുന്ന ശക്തമായ ഇടപെടലിന്റെ ഭാഗമാണീ മിഷന്‍. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ താഴേത്തലംവരെ എത്തുന്നവിധം ‘വിമുക്തി’യിലൂടെ സംഘടിപ്പിക്കും. ലഹരിയില്‍നിന്ന് മോചിപ്പിച്ച് സമാധാനാന്തരീക്ഷം പ്രധാനം ചെയ്യാനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ലഹരി ഉപയോഗം ഉപേക്ഷിച്ചവരുടെ കൂട്ടായ്മകള്‍ സംഘടിപ്പിച്ച് അവരുടെ അനുഭവം മറ്റുള്ളവര്‍ക്ക് മനസിലാക്കി നല്‍കാനുള്ള ശ്രമങ്ങളുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ‘വിമുക്തി’യുടെ ലോഗോ പ്രകാശനം ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജടീച്ചര്‍ നിര്‍വഹിച്ചു. കേരളസമൂഹം വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍ ഹൃദയത്തിലേറ്റുവാങ്ങുമെന്ന് മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളുടെ പിന്തുണയും ഏകോപനവും ലഭിക്കുന്നതിനാല്‍ കേരളത്തില്‍ വലിയൊരു മാറ്റമുണ്ടാക്കാന്‍ ഈ മിഷനു സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മേയര്‍ വി.കെ. പ്രശാന്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൗണ്‍സിലര്‍ ഐ.പി. ബിനു, നികുതിവകുപ്പ് അഡീ. ചീഫ് സെക്രട്ടറി പി. മാരപാണ്ഡ്യന്‍, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങിനോടനുബന്ധിച്ച് പ്രദീപ് ഹുഡിനോ അവതരിപ്പിച്ച മാജിക് ഷോ, പേരാമ്പ്ര മാതാ ടീം അവതരിപ്പിച്ച ലഹരി വിമുക്ത കേരളം ലക്ഷ്യംവെച്ചുള്ള ദൃശ്യ ശ്രവ്യ ആവിഷ്‌കാരം, കലാകേരളം അവതരിപ്പിച്ച ‘ഇനിയും സമയമുണ്ട്’ നാടകം എന്നിവയും അരങ്ങേറി. ലഹരി പദാര്‍ഥങ്ങള്‍ക്കെതിരെയുള്ള വ്യാപക ബോധവത്കരണം, ലഹരിക്കടിമപ്പെട്ടവരെ രക്ഷിച്ച് ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരലും പുനരധിവാസവും, നിലവിലുള്ള സര്‍ക്കാര്‍ പദ്ധതികളുടേയും നിയമങ്ങളുടേയും ഫലപ്രദമായ നിര്‍വഹണം, ജില്ലാ കേന്ദ്രങ്ങളില്‍ ഡീഅഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയാണ് മിഷന്റെ പ്രധാന ലക്ഷ്യങ്ങള്‍.
Discussion about this post