ശബരിമല: മാളികപ്പുറം ക്ഷേത്ര സന്നിധിയില്‍ ഭക്തജനങ്ങളുടെ തിരക്ക് വര്‍ധിച്ചു. അയ്യപ്പനുമായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ പ്രധാനപ്പെട്ടതാണ് മാളികപ്പുറവും. ഭക്തര്‍ക്കുള്ള ഇവിടത്തെ ക്രമീകരണങ്ങള്‍ പൂര്‍ണമാണെന്ന് മാളികപ്പുറം മേല്‍ശാന്തി പുതുമന മനു നമ്പൂതിരി അറിയിച്ചു. അയ്യപ്പനാല്‍ വധിക്കപ്പെട്ട മഹിഷി മാളികപ്പുറമായി മാറിയെന്നാണ് ഐതിഹ്യം.
കന്നി അയ്യപ്പന്മാര്‍ വരാത്ത മണ്ഡല കാലത്ത് വിവാഹം ചെയ്യാമെന്ന് മാളികപ്പുറത്തിന് അയപ്പന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ കന്നി അയ്യപ്പന്മാര്‍ വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന് മാളികപ്പുറത്തെ ദേവീ ചൈതന്യത്തെ ശരംകുത്തി വരെ എഴുന്നള്ളിക്കുന്ന ചടങ്ങുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ആനപ്പുറത്തായിരുന്നു എഴുന്നള്ളിപ്പ്. ഇത്തവണ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ആനപ്പുറത്തുള്ള എഴുന്നള്ളത്ത് നിറുത്തി.
പകരം ജീവിത എന്ന പേരില്‍ പല്ലക്കിന് സമാനമായ ഉപകരണത്തിലാണ് ദേവീ ചൈതന്യത്തെ എഴുന്നള്ളിച്ചത്. കന്നി അയ്യപ്പന്മാര്‍ ശരംകുത്തിയില്‍ ശരംകുത്തുന്ന പതിവുണ്ട്. ഇതു കണ്ട് കന്നി അയ്യപ്പന്മാര്‍ വന്നിട്ടുണ്ടെന്ന് മനസിലാക്കി ദേവി ക്ഷേത്രത്തിലേക്ക് മടങ്ങുന്നതായാണ് സങ്കല്‍പ്പം.
മഞ്ഞള്‍, പട്ട്, വിവാഹം നടക്കാന്‍ താലി, സാരി തുടങ്ങിയവ കാണിക്കയായി മാളികപ്പുറത്തിന് സമര്‍പ്പിക്കാറുണ്ട്. രാവിലെ മൂന്നിന് നടതുറക്കും. രാത്രി 11ന് ഹരിവരാസരം കഴിയുമ്പോള്‍ മാളികപ്പുറത്തും നട അടയ്ക്കും. ദിവസവും വൈകിട്ട് ഏഴ് മണിക്ക് മാളികപ്പുറം മേല്‍ശാന്തി അയ്യപ്പസന്നിധിയിലെത്തി പണക്കിഴി സമര്‍പ്പിക്കുന്ന ചടങ്ങുണ്ട്. അതിനു ശേഷം ശബരിമല തന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി ക്ഷേത്രത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ധരിപ്പിക്കും.
Discussion about this post