ശബരിമല: അനാരോഗ്യകരമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തിയതിന് നിലക്കലും പരിസരപ്രദേശങ്ങളിലുമായുള്ള അഞ്ച് ഹോട്ടലുകള്‍ക്കെതിരെ നിലക്കല്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് നടപടിയെടുത്തു. പഴകിയ ഭക്ഷണം, ശുചിത്വമില്ലാത്ത പാചകസ്ഥലം, അമിത ചാര്‍ജ്ജ് ഈടാക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് നടപടി. ഹോട്ടലുടമകളില്‍ നിന്ന് പിഴയായി 12,500 രൂപ ഈടാക്കി താക്കീത് നല്‍കി.
ജില്ല കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നത്. ഏക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ട് സന്തോഷ് കുമാര്‍ എസ്, ഡെ.തഹസില്‍ദാര്‍ സി.കെ.സുകുമാരന്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ ബെന്നി പി ജോര്‍ജ്ജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രവികുമാര്‍ ആര്‍, ലീഗല്‍ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥര്‍ ശ്രീകുമാര്‍ എസ്, എം.നഹാസ്, മനോജ് ടി.പി. എന്നിവര്‍ സ്‌കാഡില്‍ ഉണ്ടായിരുന്നു.
പമ്പ ആരോഗ്യ വിഭാഗം പമ്പയിലും പരിസരത്തും 12 ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തി. മാലിന്യ സംസ്‌കരണത്തില്‍ വീഴ്ച വരുത്തിയ രണ്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഹെല്‍ത്ത് കാര്‍ഡില്ലാത്ത ജീവനക്കാര്‍ നിര്‍ബന്ധമായും ഉടന്‍ ഹെല്‍ത്ത് കാര്‍ഡ് ഉറപ്പുവരുത്തണമെന്നും ഹെല്‍ത്ത് കാര്‍ഡില്ലാത്തവര്‍ക്ക് തൊഴില്‍ നല്‍കുന്ന കട ഉടമകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
ഹോട്ടലുകളില്‍ നിന്നും തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ കൊടുക്കാവാന്‍ പാടുള്ളു എന്നും കര്‍ശന നിര്‍ദ്ദേശം നല്‍കി. പരിശോധന നടത്തിയ 12 സ്ഥാപനങ്ങളില്‍ നിന്നും ജലശുചിത്വം ഉറപ്പുവരുത്തുന്നതിന് സാമ്പിള്‍ ശേഖരിച്ചു.
പരിശോധനയ്ക്ക് ശബരിമല നോഡല്‍ ആഫീസര്‍ ഡോ. എല്‍. അനിതകുമാരി നേതൃത്വം നല്‍കി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഏ.ടി.തോമസ്സ്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.കെ ശ്രീകുമാര്‍,രജേഷ്.ജി, ജ്യോതിലാല്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post