ചെന്നൈ: ‘നാഡ’ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്ത് വെള്ളിയാഴ്ച എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് തമിഴ്നാട്ടില്‍ കനത്ത മഴയ്ക്കു കാരണമാകുമെന്നും അതിനാല്‍ ജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പില്‍ പറയുന്നു.
മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന ചുഴലിക്കാറ്റ് ഇപ്പോള്‍ തമിഴ്‌നാട് തീരത്ത് നിന്ന് 770 കിലോമീറ്റര്‍ അകലെയാണ്. ഡിസംബര്‍ ഒന്നിന് രാത്രിയിലോ രണ്ടിന് പുലര്‍ച്ചയ്‌ക്കോ വേദാരണ്യത്തിനും ചെന്നയ്ക്കുമിടയില്‍ ചുഴലിക്കൊടുങ്കാറ്റ് കരയില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്. അതിനാല്‍ അടുത്ത 12 മണിക്കൂര്‍ നിര്‍ണായകമാണ്. കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിപ്പില്‍ പറയുന്നു.












