തിരുവനന്തപുരം: നാളികേരത്തില്‍നിന്ന് കൂടുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തുമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. കാര്‍ഷികോത്പന്ന സംസ്‌കരണമൂല്യവര്‍ധന ശില്‍പശാല ‘വൈഗ 2016’ നോടനുബന്ധിച്ച് കനകക്കുന്നില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാളികേരത്തിന്റെ സ്വന്തം നാടാണെങ്കിലും അതില്‍നിന്ന് വൈവിധ്യമുള്ള ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതില്‍ കേരളം മറ്റു രാജ്യങ്ങളേക്കാളും സംസ്ഥാനങ്ങളേക്കാളും പിന്നിലാണ്. ‘വൈഗ’ ശില്‍പശാലയില്‍ വിദേശത്തുനിന്നുള്‍പ്പെടെയുള്ള പ്രതിനിധികള്‍ നാളികേര ഉത്പന്നങ്ങളുടെ മേന്‍മയും സാധ്യതകളും അനുഭവസാക്ഷ്യങ്ങളും അവതരിപ്പിച്ചു. പുത്തന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തി നാളികേരത്തിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വലിയ വ്യവസായ ശൃംഖല ഉണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യം.
കേരളത്തില്‍ ആരംഭിക്കാനിരിക്കുന്ന ആഗ്രോപാര്‍ക്കുകളില്‍ നാളികേരള അധിഷ്ഠിത പാര്‍ക്കുകള്‍ക്ക് മുന്‍ഗണന നല്‍കും. ചക്കയുള്‍പ്പെടെ മറ്റ് കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളും വ്യാപിപ്പിക്കും. വിജയിച്ച സംരംഭകര്‍, വിദേശ രീതികള്‍, സാങ്കേതികവിദ്യ തുടങ്ങിയവ സംരംഭകര്‍ക്ക് പരിചയപ്പെടുത്താന്‍ അവസരമൊരുക്കും. സംരംഭകര്‍ക്കും കൃഷിക്കാര്‍ക്കും മെച്ചം കിട്ടുംവിധമായിരിക്കും സര്‍ക്കാര്‍ നയം. സംസ്ഥാനത്തെ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും കൃഷിവകുപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും എല്ലാ സംവിധാനങ്ങളും ഉപയോഗിക്കാന്‍ അവസരമൊരുക്കും. വരുന്ന 10 വര്‍ഷത്തെ സാങ്കേതികവിദ്യകളും ആവശ്യവും കണക്കിലെടുത്ത് കര്‍ഷകര്‍ക്ക് പരമാവധി പ്രയോജനപ്പെടുന്ന തരത്തിലാണ് സംസ്ഥാനത്ത് ആഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കുക. സാങ്കേതികവിദ്യ സംരംഭകര്‍ക്ക് ലഭ്യമാക്കാനും സംവിധാനമൊരുക്കും.
നാളികേരം, നെല്ല്, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, തേന്‍ എന്നിവയുടെ സംസ്‌കരണത്തിലുള്ള സംവിധാനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാകും. ഉത്പാദകരുടേയും സഹകരണസംഘങ്ങളുടേയും സംഭരണസംസ്‌കരണ കേന്ദ്രങ്ങളുടെ ശൃംഖല വികസിപ്പിക്കും. മുതലമടയില്‍ മാമ്പഴ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കും. നീരയുടെ ടെട്രാ പാക്കിങ്ങോടുകൂടിയ വിപണന സ്ഥാപനം നടുക്കരയില്‍ ആരംഭിക്കും. കേരഫെഡ്, നാളികേര വികസന കോര്‍പറേഷന്‍ പോലുള്ള സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കും. ഇതിനുപുറമേ, വെളിച്ചെണ്ണക്കെതിരായ വ്യാജ പ്രചാരണങ്ങള്‍ പ്രതിരോധിക്കാന്‍ കാമ്പയിന്‍ ആരംഭിക്കും. കൃഷി വകുപ്പിനുപുറമേ, ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാവിഭാഗം എന്നിവയുടെ സഹകരണവുമുണ്ടാകും. വിവിധ സര്‍വകലാശാലകളുടെ പഠനറിപ്പോര്‍ട്ടുകള്‍ കൂടി ഉപയോഗപ്പെടുത്തി ശാസ്ത്രീയമായ കാമ്പയിന്‍ ആയിരിക്കും നടത്തുക. മായം ചേര്‍ത്ത വെളിച്ചെണ്ണ തടയാന്‍ നടപടികള്‍ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.
വിവിധ രാജ്യങ്ങളില്‍ നിന്ന് ശില്‍പശാലയില്‍ പങ്കെടുക്കാനെത്തിയ വിദഗ്ധര്‍ നാളികേരത്തിന്റെ മൂല്യവര്‍ധിത, വിപണന സാധ്യതകളും തങ്ങളുടെ വിജയാനുഭവങ്ങളും ചടങ്ങില്‍ പങ്കുവെച്ചു. ‘വൈഗ 2016’ന്റെ സമാപന സമ്മേളനം ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ ഏഷ്യാ പസഫിക് കോക്കനട്ട് കമ്യൂണിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉറോണ്‍ എന്‍. സലൂം, തായ്‌ലന്റില്‍ നിന്നുള്ള നാളികേര സംസ്‌കരണ വിദഗ്ധ പെയ്‌നൂട്ട് നോക്ക, ഇന്‍ഡോനേഷ്യയില്‍നിന്നുള്ള അനസ് അഹമ്മദ്, സിംഗപ്പൂരില്‍നിന്നുള്ള ഹേമംഗ് ധോലാക്കിയ, കൃഷിവകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, സി.പി.സി.ആര്‍.െഎ ഹെഡ് ഡോ. കൃഷ്ണകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Discussion about this post