ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ചുളള വിവരങ്ങള്‍ അറിയാന്‍ രാത്രി വൈകിയും പുലര്‍ച്ചെയുമെല്ലാം അനുയായികള്‍ അപ്പോളോ ആശുപത്രിക്ക് മുന്നില്‍ ശ്വാസമടക്കി കാത്തിരിക്കുകയാണ്. എല്ലാ മുഖങ്ങളിലും നിറഞ്ഞത് ഉദ്വേഗവും ദു:ഖം തളംകെട്ടിയ സ്ഥിതിയിലാണ്. ജയലളിത തിരിച്ചുവരുന്നതിനായി തമിഴകം ഒന്നടങ്കം പ്രാര്‍ത്ഥനയിലാണ്.
ജയലളിതയുടെ ആരോഗ്യനില വഷളായെന്ന് അറിഞ്ഞ വൈകുന്നേരം മുതല്‍ അപ്പോളോ ആശുപത്രിയിലേക്ക് അനുയായികളുടെ പ്രവാഹമായിരുന്നു. ഏറെ പണിപ്പെട്ടാണ് ആശുപത്രിയുടെയും പരിസരത്തിന്റെയും നിയന്ത്രണം പൊലീസ് ഏറ്റെടുത്തത്. സ്ത്രീകള്‍ അടക്കമുളള എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ജയലളിതയുടെ ആരോഗ്യത്തിനായി പ്രാര്‍ഥനയോടെ ആശുപത്രിക്ക് പുറത്ത് കാത്തുനില്‍ക്കുകയാണ്.
രണ്ട് മാസമായി ആശുപത്രിയില്‍ കഴിയുന്ന ജയലളിത ആരോഗ്യനില വീണ്ടെടുത്തതായ വാര്‍ത്തകളുടെ ആശ്വാസത്തിലായിരുന്നു അണികള്‍. അതിനിടെയാണ് അപ്രതീക്ഷിതമായി ഇന്നലെ വൈകിട്ട് കാര്യങ്ങള്‍ മാറിമറിഞ്ഞത്.
അടിയന്തര സാഹചര്യത്തില്‍ വിന്യസിക്കാന്‍ അര്‍ധസൈനിക വിഭാഗങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്. നൂറ് പേര്‍ വീതമുളള ഒന്‍പത് കമ്പനി ദ്രുതകര്‍മസേനയെയും തയ്യാറാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെയായതോടെ ചെന്നൈയ്ക്ക് പുറത്ത് മറ്റ് ഭാഗങ്ങളില്‍ നിന്നും വാഹനങ്ങളില്‍ എഐഎഡിഎംകെ അനുയായികള്‍ ചെന്നൈയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. അനിഷ്ടസംഭവങ്ങള്‍ നിയന്ത്രിക്കാന്‍ രാത്രിതന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരുന്നു.
തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ജയലളിതയുടെ ആരോഗ്യം അതേ നിലയില്‍ ഗുരുതരമായി തന്നെ തുടരുകയാണ്. വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം മുഖ്യമന്ത്രിയെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ കഴിവിന്റെ പരമാവധി പരിശ്രമിക്കുന്നുണ്ടെന്നും പുലര്‍ച്ചെ രണ്ടരയോടെ ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.
Discussion about this post