അഹമ്മദാബാദ്: ഗോധ്ര കൂട്ടക്കൊലക്കേസില്‍ 11 പ്രതികള്‍ക്ക് വധശിക്ഷ. 20 പ്രതികള്‍ക്ക് ജീവപര്യന്തവും അഹമ്മദാബാദിലെ പ്രത്യേക കോടതി വിധിച്ചു. കേസിലെ 31 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, 63 പ്രതികളെ വെറുതെ വിട്ടിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച പ്രഖ്യാപിക്കേണ്ടിയിരുന്ന ശിക്ഷാവിധി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ പ്രധാന പങ്ക് വഹിച്ച പതിനൊന്ന് പേര്‍ക്കാണ് വധ ശിക്ഷ നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കോടതി കണ്ടെത്തി. ലോക്കല്‍ പൊലീസും തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘവും നടത്തിയ അന്വേഷണങ്ങള്‍ പക്ഷപാതപരമാണെന്ന് ആക്ഷേപം ഉണ്ടായതിനെത്തുടര്‍ന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം സി.ബി.ഐ മുന്‍ ഡയറക്‌ടര്‍ ആര്‍.കെ. രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കോടതിവിധി.
സംഘം ചേര്‍ന്നുള്ള ഗൂഢാലോചന, കൊലപാതകം, ആയുധങ്ങളുമായി വര്‍ഗീയ കലാപം നടത്തി, പൊതു മുതല്‍ നശിപ്പിച്ചു തുടങ്ങി റെയില്‍വേ നിയമത്തിലേയും പോലീസ് നിയമത്തിലേയും വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരുന്നത്.
ശിക്ഷകളെല്ലാം പ്രതികള്‍ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് പ്രത്യേക ജഡ്‌ജി പി.ആര്‍ പാട്ടീല്‍ വ്യക്തമാക്കി. ശിക്ഷ ലഭിച്ചവര്‍ക്ക് 90 ദിവസത്തിനകം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. കടുത്ത ശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
പ്രത്യേക കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ അറിയിച്ചു. അഹമ്മദാബാദിലേക്ക് വരികയായിരുന്ന സബര്‍മതി എക്‌സ്‌പ്രസ് 2002 ഫെബ്രുവരി 24ന് ഗുജറാത്തിലെ ഗോധ്ര സ്റ്റേഷനില്‍വച്ച് ആയിരത്തോളം വരുന്ന ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു.
അയോധ്യയില്‍നിന്ന് മടങ്ങുകയായിരുന്ന കര്‍സേവകര്‍ സഞ്ചരിച്ചിരുന്ന എസ്-ആറാം ബോഗി അഗ്‌നിക്കിരയാക്കിയതിനെത്തുടര്‍ന്ന് 59 പേരാണ് മരിച്ചത്. കര്‍സേവകര്‍ സഞ്ചരിച്ചിരുന്ന ബോഗിക്ക് തീവയ്ക്കാന്‍ കന്നാസുകളില്‍ നൂറ് ലിറ്ററിലേറെ പെട്രോളുമായി ജനക്കൂട്ടത്തെ സജ്ജമാക്കി നയിക്കാന്‍ പ്രധാനപ്രതി മൗലവി ഉമര്‍ജി തന്റെ ഉറ്റ അനുയായികളായ നാലുപേരെ നിയോഗിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. ഇതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മൗലവി ഉമര്‍ജിയെ കുറ്റവിമുക്തനാക്കിയത്.
ആക്രമണത്തിനു പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍ പ്രത്യേക കോടതി ജഡ്ജി പി.ആര്‍.പട്ടേല്‍ ശരിവച്ചിരുന്നു. അന്നത്തെ റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ് നിയോഗിച്ച സുപ്രീംകോടതി റിട്ട. ജഡ്ജി യു.സി. ബാനര്‍ജി കമ്മിറ്റി ബോഗിക്കുള്ളില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Discussion about this post